5,000 രൂപ കൈക്കൂലി വാങ്ങിയിട്ടും ആർത്തി തീർന്നില്ല, കൂടുതൽ തുക തേടിയെത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Friday 27 November 2020 9:46 AM IST

മാള: വ്യാപാര സ്ഥാപനത്തിന് സാനിറ്റേഷൻ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 രതീഷ് കുമാറാണ് അറസ്റ്റിലായത്. പൊയ്യ സെന്ററിലെ ഫുഡ് കഫേ എന്ന സ്ഥാപനത്തിന്റെ പ്രവർത്തനത്തിനാണ് കടയുടമയിൽ നിന്ന് പണം വാങ്ങിയത്.

സാനിറ്റേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഹെൽത്ത് ഇൻസ്‌പെക്ടർ 8,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ കടയുടമ 5,000 രൂപ നൽകി. ശേഷിക്കുന്ന രൂപ ആവശ്യപ്പെട്ട് കടയിലെത്തുകയായിരുന്നു. തുടർന്നാണ് കടയുടമ ഈ വിവരം തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി യു. പ്രേമനെ അറിയിച്ചത്. കൈക്കൂലി പണമായി 2,000 രൂപ ഹെൽത്ത് ഇൻസ്‌പെക്ടർ താമസിക്കുന്ന സ്ഥലത്ത് വെച്ചു കൈമാറുമ്പോൾ ഡിവൈ.എസ്. പിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ സി.ജി. ജിം പോൾ, പി.ആർ സരീഷ്, കെ. ടി സലിൽകുമാർ എന്നിവർ ചേർന്ന് രതീഷ് കുമാാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരിശോധനയിൽ ജിതിൻ, ബേസിൽ ചെറിയാൻ, വിജിലൻസിലെ മറ്റ് ഉദ്യോഗസ്ഥരായ ബിജു, സുനിൽദാസ് നാരായണൻ, ഡേവിസ്, പ്രദീപ്, രഞ്ജിത്, സന്ദേശ്, ലിജോ, സിന്ധു, വിപിനകുമാർ, ഹരിവസു എന്നിവരും പങ്കെടുത്തു. കണ്ണൂർ സ്വദേശിയായ രതീഷ് കുമാറിനെ കുറിച്ച് നേരത്തെയും പരാതികളുണ്ടായിരുന്നു. ഇയാളെ സംബന്ധിച്ച് ആരോഗ്യ വകുപ്പിലും പരാതികളുണ്ട്.