കങ്കണയ്‌ക്കെതിരെ പ്രതികാര ബുദ്ധിയോടെയുളള നടപടിയെന്ന് ഹൈക്കോടതി, അർണബിനെതിരെ തെളിവില്ലെന്ന് സുപ്രീംകോടതി; മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടി

Friday 27 November 2020 12:08 PM IST

മുംബയ്: കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ച കേസിലും അർണബ് ഗോസ്വാമിക്കെതിരായ ആത്മഹത്യാ പ്രേരണ കുറ്റത്തിലും മഹാരാഷ്ട്ര സർക്കാരിന് തിരിച്ചടി. മുംബയ് കോർപ്പറേഷൻ കങ്കണയുടെ കെട്ടിടം പൊളിക്കാൻ ഇറക്കിയ ഉത്തരവ് മുംബയ് ഹൈക്കോടതി റദ്ദാക്കി. ഇത്തരമൊരു ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് പറഞ്ഞ കോടതി കങ്കണയ്‌ക്ക് നിയമസഹായം തേടാനുളള സാവകാശം നൽകിയില്ലെന്നും വിമർശിച്ചു.

പ്രതികാര ബുദ്ധിയോടെയുളള നടപടിയാണ് കങ്കണയ്‌ക്കെതിരെ സ്വീകരിച്ചതെന്നും ഇതിന് സാഹചര്യ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. കെട്ടിടം ഇടിച്ചത് വഴിയുളള നഷ്‌ടം എത്രയാണെന്ന് പഠിക്കാൻ ഒരു സർവേയറെ കോടതി നിയമിച്ചു. 2021 മാർച്ചിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കേസിലെ തുടർ നിയമനടപടികൾ കങ്കണയ്‌ക്ക് കീഴ് കോടതിയിൽ തുടരാം.

അർണബ് ഗോസ്വാമിക്കെതിരായ കേസിൽ മഹാരാഷ്ട്ര പൊലീസ് ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാനായില്ലയെന്നാണ് സുപ്രീം കോടതിയുടെ വിമർശനം. അർണബിനെതിരെ തെളിവില്ല. മുംബയ് പൊലീസും സർക്കാരും രാഷ്ട്രീയം കളിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി അർണബിന് ജാമ്യം നൽകിയ ഉത്തരവിന്റെ പകർപ്പും പുറത്തിറക്കി.