പച്ചക്കണ്ണുള്ള കൊടുംകാട് !!

Friday 27 November 2020 12:39 PM IST

ഭയം ജനിപ്പിക്കുന്ന കാട് എന്നാണ് ഹോയയ് ബാസിയു അറിയപ്പെടുന്നത്. വിചിത്രവും ഭയപ്പെടുത്തുന്നതുമായ നിരവധി കഥകൾ ഈ കാടിനെ ചുറ്റിപ്പറ്റിയുണ്ട്. വിചിത്ര രൂപത്തിലുള്ള മരങ്ങളും ഇരുട്ടും കാറ്റും എല്ലാം ചേർന്നാൽ ഒരു 'ഹൊറർ" അന്തരീക്ഷം തന്നെ.

പ്രദേശത്തിന്റെ കുപ്രസിദ്ധി കാരണം റൊമാനിയൻ ബർമുഡ ട്രയാംഗിൾ എന്നാണതിനെ വിളിക്കുന്നത്.

ഒരിക്കൽ കയറിയാൽ പിന്നെ പുറത്തിറങ്ങാനാവില്ലത്രേ. കട്ടി കൂടിയ മഞ്ഞും ഇരുട്ടിൽ നിന്നുയരുന്ന നിലവിളി ശബ്ദങ്ങളും അലറിക്കരച്ചിലുകളുമെല്ലാം അവിടെ സ്ഥിരം സംഭവങ്ങളാണ്.

റൊമാനിയയിലെ ട്രാൻസിൽവാനിയയിലെ എൻറോഗ്രാഫിക് മ്യൂസിയത്തിന് സമീപമുള്ള ക്ലൂജ്-നാപ്പോക എന്ന സ്ഥലത്തിനടുത്താണ് ഹോയയ് ബാസിയു കാട് സ്ഥിതി ചെയ്യുന്നത്. 250 ഹെക്റ്ററോളം സ്ഥലത്താണ് ഈ കാട് വ്യാപിച്ചു കിടക്കുന്നത്.കാട്ടിൽ കയറിയാൽ മുന്നോട്ട് നടക്കുംതോറും കട്ടിയുള്ള മഞ്ഞ് വന്ന പൊതിയുന്നതും എവിടെ നിന്നെന്നറിയാതെ ഉയരുന്ന ശബ്ദങ്ങളും നിലവിളികളുമെല്ലാം ആളുകളെ പേടിപ്പെടുത്തും.

വളരെ കഷ്ടപ്പെട്ടാണ് മിക്കവരും കാടിനു വെളിയിലെത്തി ശ്വാസം വിടുന്നത്. പുറത്തെത്തുന്നവരെ കാത്ത് അതിലും ഭീതിപ്പെടുത്തുന്ന കഥകളാണ് നാട്ടുകാരുടെ വകയായി കാത്തിരിക്കുന്നത്. കാട്ടിലേയ്ക്ക് കയറിയ ആയിരത്തോളം ആളുകൾ ഇനിയും തിരികെ വന്നിട്ടില്ലെന്നാണ്പറയപ്പെടുന്നത്. തന്റെ 200 ആടുകളെയും കൊണ്ട് മേയ്ക്കാനായി കാട്ടിൽ കയറിയ ഒരു ഇടയൻ തിരികെ വരാതായതോടെയാണ് ഈ പ്രദേശം ചർച്ചാ വിഷയമാകുന്നത്.

വനത്തിലെ അസാധാരണ സംഭവങ്ങളെക്കുറിച്ച് മറ്റൊരു കഥയും ഇവിടെയുണ്ട്. നൂറുകണക്കിന് റൊമാനിയൻ കർഷകരെ ഒരിക്കൽ കാട്ടിൽ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്. അന്നുമുതൽ, അവരുടെ പീഡിതരായ ആത്മാക്കൾ പച്ച കണ്ണുകൾ നിരീക്ഷിക്കുന്ന രൂപത്തിലും ചിലപ്പോൾ അജ്ഞാതമായ കറുത്ത മൂടൽമഞ്ഞിന്റെ രൂപത്തിലും പ്രത്യക്ഷപ്പെടുമത്രെസാധാരണ രീതിയിൽ നേരെ മുകളിലേക്ക് വളരുന്ന മരങ്ങൾക്കു പകരം മുട്ടിൽ നിൽക്കുന്ന പോലുളള മരങ്ങളും ഇവിടെ കാണുവാൻ കഴിയും.