ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം

Friday 27 November 2020 3:58 PM IST

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ടെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. ബാർ കോഴ ആരോപണം ഉയർന്ന സമയത്ത് ചെന്നിത്തല മന്ത്രിയല്ലാത്തതിനാൽ ഗവർണറുടെ അനുമതി വേണ്ടെന്നും സ്‌പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശത്തിൽ പറയുന്നത്.

സർക്കാരിന് ആശയക്കുഴപ്പമുണ്ടായിരുന്നതിനാൽ ഇതുവരെ വിജിലൻസ് പ്രാഥമികാന്വേഷണത്തിനുള‌ള ഫയൽ ആഭ്യന്തരവകുപ്പ് രാജ്‌ഭവനിലേക്ക് അയച്ചിരുന്നില്ല.ചെന്നിത്തലയുടെ കാര്യത്തിൽ സ്‌പീക്കറെയും ബാർ കോഴയിൽ ആരോപണ വിധേയരായ വി.എസ് ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെയുള‌ള അന്വേഷണത്തിന് ഗവർണറെയും സമീപിക്കാനായിരുന്നു സർക്കാർ‌ തീരുമാനം. പക്ഷെ ചെന്നിത്തലയുടെ കാര്യത്തിലും ഗവർണറെ സമീപിക്കണം എന്ന് ചില ഉന്നത ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് നിയമോപദേശം തേടിയത്. സർക്കാരിന് അനുകൂലമായി നിയമോപദേശം ലഭിച്ച സ്ഥിതിക്ക് ഇത് സംബന്ധിച്ച ഫയൽ രാജ്ഭവനിൽ ഇന്ന് തന്നെ എത്തിക്കാനാണ് സാദ്ധ്യത.