കൊവിഡ്കാലവും കൊവിഡാനന്തര ജീവിതവും
ആഗോളസമൂഹം നേരിടുന്ന വലിയ പ്രതിസന്ധിയാണ് കൊവിഡ് വ്യാപനം. മഹാമാരി പൊട്ടിപുറപ്പെട്ടപ്പോൾ ഉണ്ടായ മാറ്റങ്ങളും ക്രമീകരണങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. സാമൂഹിക അകലവും മുഖാവരണവും എല്ലാം മലയാളികളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ നിരീക്ഷിക്കുകയാണ് ഡോ. ടി.കെ സന്തോഷ് കുമാർ 'കൊവിഡാനന്തര മലയാളി ജീവിതം" എന്ന പുസ്തകത്തിലൂടെ. ഭാഷ,സാഹിത്യം,രാഷ്ട്രീയം,അച്ചടിമാദ്ധ്യമം,ടെലിവിഷൻ, സിനിമ, വിദ്യാഭ്യാസം, സൈബർ ഇടം എന്നീ മേഖലകളിൽ കൊവിഡാനന്തരം സംഭവിക്കുന്ന മാറ്റങ്ങളാണ് പുസ്തകം പറയുന്നത്.
ആറ് ഭാഗങ്ങളായി പത്ത് അദ്ധ്യായങ്ങളിലായാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. നിലവിൽ തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ മലയാളം ആന്റ് മാസ്കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ മേധാവിയാണ് സന്തോഷ് കുമാർ. അദ്ദേഹത്തിന്റെ പതിമൂന്നാമത്തെ പുസ്തകമാണിത്.
മലയാളിയുടെ ഭൗതികവും ആന്തരികവുമായ ദൈനംദിന ജീവിതം കെട്ടു പിണഞ്ഞു കിടക്കുകയാണ്. ഒന്നും പഴയതുപോലെയല്ല. എല്ലാം പുതിയത് എന്ന ബോദ്ധ്യത്തിൽ നിന്നാണ് പുസ്തകരചന നടക്കുന്നതെന്ന് സന്തോഷ് കുമാർ പറയുന്നു. ജീവിതം ഏതുതരത്തിൽ മാറുകയാണ് എന്നതിന് ആദ്യ പ്രതിഫലം ഭാഷ ആണല്ലോ. ഭാഷയാണ് ആദ്യ അദ്ധ്യായത്തിൽ ചർച്ചയാകുന്നത്. അതിൽ 2020ലെ മലയാളി ജീവിതത്തിൽ മുഖ്യമന്ത്രിയുടെ ആറ് മണി വാർത്താസമ്മേളനം ചെലുത്തിയ സ്വാധീനം പോലും സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട്. പുസ്തകത്തിൽ മുഖ്യമന്ത്രിയുടെ ഭാഷയും പ്രതികരണവും സാമൂഹിക മാദ്ധ്യമങ്ങളിൽ ഉൾപ്പടെ അവതരിപ്പിക്കപ്പെട്ട സൂക്ഷ്മ ശകലങ്ങളും പരാമർശിക്കപ്പെടുന്നു.
കൊവിഡിനെ കുറിച്ച് പലതരത്തിലുളള ലേഖനങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഒരു മലയാളിയുടെ സാംസ്ക്കാരിക ജീവിതത്തിൽ വന്ന മാറ്റങ്ങൾ വിവിധ മേഖലകളായി തിരിച്ച് ആഴത്തിൽ പഠിച്ച് പുസ്തകമാക്കിയിരിക്കുകയാണ് 'കൊവിഡാനന്തര മലയാളി ജീവിത"ത്തിലൂടെ ഡോക്ടർ ടി.കെ സന്തോഷ് കുമാർ . കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളിയുടെ ചിന്തയിലും ചര്യയിലും ഉണ്ടായ മാറ്റം നൽകിയ പുതു ഭാഷ, രാഷ്ട്രീയ-സാമ്പത്തിക ഇടങ്ങൾ തുടങ്ങി മാദ്ധ്യമങ്ങളിൽ വാമൊഴികൾ എങ്ങനെ ഇടപെട്ടു എന്നു വരെ പുസ്തകം ചൂണ്ടിക്കാണിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്ലാവോജ് സിസേ എഴുതിയ ഇന്ത്യ പാൻഡെമിക് എന്നു പറയുന്ന പുസ്തകമാണ് ലോകത്ത് ആദ്യമായി പുറത്തിറങ്ങിയത്. ഡോക്ടർ പി.എം ഗിരീഷിന്റെ കൊവിഡ് : മലയാളവും പിണറായിയുടെ പിതൃ ഭാഷണവും എന്നതാണ് മലയാളത്തിൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ വൈജ്ഞാനിക ലേഖനം. ഇവ രണ്ടും പുസ്തകം എഴുതുന്നതിനായി സന്തോഷ് കുമാറിനെ ഏറെ സ്വാധീനിച്ചതായി അദ്ദേഹം പറയുന്നുണ്ട്. പല വിഷയങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പുസ്തകം മലയാളിയുടെ കൊവിഡാനന്തര ജീവിതത്തെ പഠിക്കാൻ ഒരു മുതൽക്കൂട്ട് തന്നെയാണ്. ലോകം തന്നെ കൊവിഡിന് മുമ്പും ശേഷവും എന്ന് മാറി കഴിഞ്ഞ അവസ്ഥയിൽ ഈ പുസ്തകം ചരിത്രത്തിൽ ഇടം പിടിക്കും എന്നതിൽ സംശയമില്ല.