മിഗ് വിമാനം കടലിൽ വീണു; പൈലറ്റിനെ കാണാതായി

Saturday 28 November 2020 12:57 AM IST

ഒരു പൈലറ്റ് രക്ഷപ്പെട്ടു

ന്യൂഡൽഹി: നാവിക സേനയുടെ മിഗ് 29 - കെ പരിശീലന വിമാനം അറബിക്കടലിൽ തകർന്നു വീണ് രണ്ട് പൈലറ്റുമാരിൽ ഒരാളെ കാണാതായി. വ്യാഴാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. അറബിക്കടലിൽ താവളമടിച്ചിട്ടുള്ള വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറന്നുയർന്ന മിഗ് വിമാനമാണ് തകർന്നത്. അപകടകാരണം വ്യക്തമല്ല.

അപായ സൂചനയെ തുടർന്ന് ഒരു പൈലറ്റ് പാരച്യൂട്ടിൽ രക്ഷപ്പെട്ടു. കമാൻഡർ നിഷാന്ത് സിംഗ് എന്ന പൈലറ്റിനെയാണ് കാണാതായത്. അദ്ദേഹത്തിനായി നേവിയുടെ കപ്പലുകളും ബോട്ടുകളും വിമാനവും തെരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടത്തെപ്പറ്റി നാവിക സേന അന്വേഷണത്തിന് ഉത്തരവിട്ടു.

കഴിഞ്ഞ വർഷം നവംബറിലും നേവിയുടെ ഒരു മിഗ് 29-കെ വിമാനം ഗോവയിൽ വച്ച് പക്ഷി ഇടിച്ചതിനെ തുട‌ർന്ന് കടലിൽ തകർന്നു വീണിരുന്നു. ഐ.എൻ.എസ് വിക്രമാദിത്യയിൽ 30 യുദ്ധവിമാനങ്ങളാണുള്ളത്.