1468 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

Saturday 28 November 2020 12:00 AM IST

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 1468 പ്രചാരണ സാമഗ്രികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. ഇതില്‍ 1192 പോസ്റ്ററുകളും 276 ബോര്‍ഡുകളും ഉള്‍പ്പെടുന്നു. വൈക്കം -219, മീനച്ചില്‍ - 428, ചങ്ങനാശേരി -466, കാഞ്ഞിരപ്പള്ളി - 309, കോട്ടയം - 46 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ നീക്കം ചെയ്ത പ്രചാരണ സാമഗ്രികളുടെ എണ്ണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടി.

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍ കരി ഓയില്‍ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഇളക്കി മാറ്റുകയുമാണ് ചെയ്യുന്നത്.

എ.ഡി.എം അനില്‍ ഉമ്മനാണ് ആന്റി ഡിഫേസ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഏകോപനം നിര്‍വഹിക്കുന്നത്. തഹസില്‍ദാര്‍മാരാണ് താലൂക്ക്തല നോഡല്‍ ഓഫീസര്‍മാര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എസ്. ധര്‍മ്മജന്‍, കെ.എം. മധുസൂദനന്‍ നമ്പൂതിരി, എം.ടി. രവി, പി.ഐ. നൗഷാദ്, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്ക് തലത്തില്‍ പരിശോധന നടക്കുന്നത്.