വാതിൽ തുറക്കാൻ പരിശീലന കേന്ദ്രങ്ങൾ

Saturday 28 November 2020 12:48 AM IST

കിളിമാനൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജില്ലയിലെ പി.എസ്.സി പരിശീലനകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ അടുത്ത ആഴ്ചയോടെ വീണ്ടും പ്രവർത്തനം ആരംഭിക്കും. നിലവിൽ ഓൺലൈൻ പരിശീലനത്തിൽ ഏർപ്പെട്ടിരുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് റെഗുലർ ക്ളാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പുകൾ സ്ഥാപനങ്ങൾ നൽകിക്കഴിഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, കമ്പ്യൂട്ടർ സെന്ററുകൾ, നൃത്തവിദ്യാലയങ്ങൾ എന്നിവയ്ക്കാണ് സർക്കാർ പ്രവർത്തനാനുമതി നൽകിയത്. കമ്പ്യൂട്ടർ സെന്ററുകളും നൃത്ത പരിശീലന കേന്ദ്രങ്ങളും അടുത്ത ആഴ്ചയോടെ സജീവമാകുമെന്നാണ് പ്രതീക്ഷ. ക്ലാസിലെ കുട്ടികളുടെ എണ്ണം ഹാളിന്റെ ആകെ ശേഷിയുടെ 50ശതമാനം അല്ലെങ്കിൽ 100പേർ എന്ന തരത്തിൽ പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. കൊവിഡ് വ്യാപനത്തിന് കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ക്ലാസുകളുടെ പ്രായോഗിക നടത്തിപ്പ് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

വരുമാനം നിലച്ചിട്ട് പത്തു മാസം

കൊവിഡ് വ്യാപനത്തെ തുടർന്ന് സ്ഥാപനങ്ങൾ പൂട്ടിയതോടെ സമാന്തര വിദ്യാഭ്യാസ മേഖലയിലെ ആയിരങ്ങളുടെ വരുമാനം നിലച്ചിട്ട് പത്തു മാസത്തോളമായി. മാർച്ച് മുതൽ ക്ലാസുകൾ നിലച്ചതിനാൽ പാരലൽ കോളേജ് മേഖലയിലെ ആയിരക്കണക്കിന് അദ്ധ്യാപകരാണ് പട്ടിണിയുടെ നടുവിലായത്. ഇത് മറികടക്കുന്നതിന് ഓൺലൈൻ ക്ളാസുകൾ ഉൾപ്പെടെ സ്ഥാപനങ്ങൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. സ്ഥാപനങ്ങളുടെ നവീകരണത്തിനും പഠനസാമഗ്രികൾ വാങ്ങുന്നതിനും നല്ലൊരു തുക കടമായി വാങ്ങിയ സ്ഥാപന ഉടമകളാണ് ഏറെ ദുരിതത്തിലായത്. വാടക കുടിശിക ഇനത്തിൽ തന്നെ നല്ലൊരു തുക ഇവർക്ക് ബാദ്ധ്യതയുണ്ട്. ഇത് മറികടക്കാൻ ഇളവുകൾ സഹായിക്കുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

ഡിസംബർ 17മുതൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അദ്ധ്യാപകർ സ്കൂളിൽ എത്തണമെന്ന് സർക്കാർ നിർദേശം

എന്നാൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല

അതിനാൽ ട്യൂഷൻ സെന്ററുകളെ കൂടുതൽ കുട്ടികൾ ആശ്രയിക്കും

നിലവിൽ കോർണർ -ഓൺലൈൻ ക്ലാസുകളാണ് ട്യൂഷൻ സെന്ററുകൾ ഉപയോഗിക്കുന്നത്

കൊവിഡ് മാനദണ്ഡം പാലിച്ചു ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം