നിള പിടയുന്നു, ഒന്ന് ശ്വാസമെടുക്കാൻ
ശ്വസിക്കാൻ പോലും പാടുപെടുകയാണ് നിള. ജീവനായി കെഞ്ചുമ്പോഴും നിളയെ കൊല്ലാക്കൊല ചെയ്യുകയാണ് മനുഷ്യൻ. ഇങ്ങനെയെങ്കിൽ മലയാളിയുടെ ഗൃഹാതുര ഓർമ്മകളെ സമ്പന്നമാക്കിയ നിളയെന്ന ഭാരതപ്പുഴ അധികകാലം ഉണ്ടാവില്ല. മൺസൂൺ പിന്നിട്ടപ്പോഴേക്കും നിളയിൽ എത്തുന്നവർക്ക് കാണാനാവുക വരൾച്ചക്കാലത്തെ കാഴ്ച്ചകളാണ്. നിള അതിവേഗം വറ്റിവരളുകയാണ്. തുലാമാസത്തിൽ നിറഞ്ഞൊഴുകിയിരുന്ന ഭാരതപ്പുഴയ്ക്ക് ഇപ്പോൾ പരന്നൊഴുകാൻ ഗതിയില്ല. കാലവർഷവും തുലാവർഷവും കുറഞ്ഞതിനൊപ്പം നിളയുടെ മാറ് പിളർന്നുള്ള മണലൂറ്റലും കൂടിവരുന്നു. നിലവിലെ അവസ്ഥയിൽ ഭാരതപ്പുഴ ജനുവരിയോടെ പൂർണമായും വറ്റുമെന്ന് പരിസരവാസികൾ പറയുന്നു. നിളയെ ആശ്രയിക്കുന്ന നിരവധി കുടിവെള്ള പദ്ധതികളെ ഇതു പ്രതികൂലമായി ബാധിക്കും. പതിനായിരക്കണക്കിന് കുടുംബങ്ങൾ വേനലെത്തും മുൻപേ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരും.
ഉപ്പ് മണലും കൊള്ളയടിക്കുന്നു
ഭാരതപുഴയിലെ, കടലിനോട് ചേർന്നുള്ള ഭാഗങ്ങളിലെ ഉപ്പ് കലർന്ന മണലും വ്യാപകമായി കടത്തുന്നുണ്ട്. ചമ്രവട്ടം റെഗുലേറ്റർ കംബ്രിഡ്ജ് പദ്ധതി പ്രദേശം മുതൽ അഴിമുഖം വരെ കടൽവെള്ളം കയറുന്നത് പതിവാണ്. ഉപ്പ് കലർന്ന ഈ മണൽ കെട്ടിട നിർമ്മാണത്തിന് അനുയോജ്യമല്ല. മറ്റിടങ്ങളിൽ നിന്നെടുക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് രാത്രിയുടെ മറവിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്നത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തിലൂടെ അനധികൃതമായി വഴിവെട്ടിയാണ് പുഴയിലേക്ക് വലിയ ലോറികൾ എത്തിക്കുന്നത്. ദിവസവും നൂറുകണക്കിന് ലോറികളിൽ മണൽ നിർബാധം കൊള്ളയടിക്കുമ്പോഴും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. പുനർജ്ജനിക്കാനുള്ള നിളയുടെ ഓരോ ശ്രമങ്ങളുടെയും കടയ്ക്കൽ കത്തിവയ്ക്കുന്ന കാഴ്ച്ചയാണ് ചുറ്റും. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽകൂനകളെ പകൽവെളിച്ചത്തിൽ പോലും നിർബാധം ഊറ്റിയ മാഫിയകൾ ഇപ്പോൾ ഉപ്പ് മണലിലേക്കും കൊള്ള വ്യാപിപ്പിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടിലധികം നീണ്ട മണലെടുപ്പാണ് നിളയുടെ ജീവിതം മാറ്റിയെഴുതിയത്. വേനലിൽ പോലും പരന്നൊഴുകിയിരുന്ന നിളയുടെ കാഴ്ച പുതുതലമുറയ്ക്ക് അന്യമാക്കിയതും മാറ് പിളർന്നുള്ള ഈ മണലൂറ്റലാണ്.
36 സർക്കാർ അംഗീകൃത കടവുകളിൽ നിന്ന് ഒരുവർഷം 5.1ലക്ഷം ക്യൂബിക് മീറ്റർ മണലാണ് നിളയിൽ നിന്ന് കോരിയെടുത്തിരുന്നത്. ഇതിനു പുറമേ രാവന്തിയോളം മണലൂറ്റിയിരുന്ന 600ഓളം അനധികൃത മണൽക്കടവുകളും നിളയിലുണ്ടായിരുന്നെന്ന് കൂടി ഓർക്കണം. പലയിടങ്ങളിലും പുഴ മീറ്ററുകളോളം കുഴിച്ചാണ് മണലെടുത്തിരുന്നത്. ഇവയെല്ലാം ഇന്ന് ചെളിക്കുണ്ടുകളാണ്. ഇത്തരം ചെളിക്കുണ്ടുകളിൽ അകപ്പെട്ട് ഇല്ലാതായ ജീവനുകളും നിരവധി.
എന്നിട്ടും നെട്ടോട്ടമോടണം
ഒരുവർഷം 7,478 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം നിളയിലൂടെ ഒഴുകിപോവുന്നുണ്ടെന്നാണ് സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിന്റെ കണക്ക്. ഇതിൽ നല്ലൊരു പങ്കും മൺസൂണിലാണ്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളെ ജലസമ്പന്നമാക്കാൻ ഈ വെള്ളം തന്നെ ധാരാളം. എന്നിട്ടും വേനലിന് മുമ്പെ നിളയോരം കുടിനീരിനായി നെട്ടോട്ടമോടുകയാണ്. മണലെല്ലാം ഊറ്റിയെടുത്തതോടെ മൺസൂണിനെ അറബിക്കടലിൽ എത്തിക്കാനുള്ള വഴിമാത്രമായി നിള ചുരുങ്ങി. ഒഴുകുന്ന വെള്ളത്തിന്റെ രണ്ടിരട്ടി മണൽത്തിട്ടകളിൽ ഒഴുകാതെ സൂക്ഷിക്കപ്പെടുമെന്നത് ആരും പരിഗണിച്ചില്ല. ശാസ്ത്രീയ പഠനങ്ങളൊന്നും വേണ്ടവിധത്തിൽ നടത്താതെ കാലങ്ങളായി നടത്തിയ മണലൂറ്റലാണ് ഇന്നത്തെ ദുരവസ്ഥയിലേക്ക് നിളയെ എത്തിച്ചത്. മാറിമാറി ഭരിച്ച സർക്കാരുകളും നിളാതീരത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരുപോലെ ഇതിൽ കുറ്റക്കാരാണ്. മണലിൽ നിന്നുള്ള ലാഭത്തിൽ കണ്ണുനട്ടപ്പോൾ ബലി നൽകിയത് ഒരു പുഴയുടെ ജീവനാണ്.
നിളയുടെ വഴികളിങ്ങനെ
പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്നാരംഭിച്ച് പാലക്കാട്ടെ കണ്ണാടിപ്പുഴയും കൽപ്പാത്തിയും തൂതപ്പുഴയുമടക്കം ചെറുപുഴകളുമായി സംഗമിച്ചാണ് നിളയാവുന്നത്. പൊന്നാനിയിൽ അറബിക്കടലിലേക്ക് ലയിക്കുമ്പോൾ നിള പിന്നിടുന്നത് 209 കിലോമീറ്റർ. പശ്ചിമഘട്ടത്തിലെ മലനിരകളും ചെറുതോടുകളുമടങ്ങിയ വൃഷ്ടിപ്രദേശമാണ് നിളയുടെ ജീവൻ. കേരളത്തിൽ 400 ചതുരശ്ര കി.മീറ്ററും തമിഴ്‌നാട്ടിൽ 1,768 ച.കി.മീ. വൃഷ്ടിപ്രദേശവുമുണ്ട്. ആനമലനിരകളിലെ മിക്ക വനങ്ങളും നെല്ലിയാമ്പതി, വാളയാർ, ധോണി, അകമലവാരം വനമേഖലകളും വെട്ടിവെളുപ്പിക്കുന്നതിനും വേഗം കൂടിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ഈ പച്ചപ്പുകൾ സംരക്ഷിച്ചില്ലെങ്കിൽ വൈകാതെ ചരിത്രത്തിലെ പേരു മാത്രമാവും നിള.