ലൈംഗിക തൊഴിലാളികൾക്ക് പ്രതിമാസ ധനസഹായമേകി മഹാരാഷ്ട്ര സർക്കാർ

Saturday 28 November 2020 12:44 AM IST

മുംബയ്: ലൈംഗിക തൊഴിലാളികൾക്ക് താത്കാലിക ധനസഹായം നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. പ്രതിമാസം അയ്യായിരം രൂപ വീതം നൽകാനാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലേക്കാണ് ധനസഹായം. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കി വച്ചതായി സംസ്ഥാന വനിതാ - ശിശു ക്ഷേമമന്ത്രി യശോമതി ഠാക്കൂർ വ്യക്തമാക്കി. സ്കൂൾ വിദ്യാർത്ഥികളായ മക്കളുള്ളവർക്ക് 2,500 രൂപ അധിക ധനസഹായം ലഭിക്കും. കൊവിഡ് കാലത്ത് ലൈംഗിക തൊഴിലാളികളുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 31,000 ലൈംഗിക തൊഴിലാളികൾക്കാണ് സർക്കാർ പദ്ധതിയുടെ പ്രയോജനം ലഭ്യമാവുക.