കുട്ടിക്കുറുമ്പെന്നാൽ ഇങ്ങനെയും...

Saturday 28 November 2020 12:45 AM IST

ന്യൂഡൽഹി: സുഹൃത്തുക്കളെന്നു പറഞ്ഞാൽ പലർക്കും പലതരത്തിലാകും ഡെഫനിഷൻ. ഇതാ ഇവിടെയൊരു അപൂർവ സൗഹൃദത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സുശാന്ത മാൻഡ എന്ന വ്യക്തി പോസ്റ്റ് ചെയ്ത വീഡിയോയിൽ ഒരു ആനക്കുട്ടിയും പട്ടിയും തമ്മിലുള്ള കളിചിരികളാണുള്ളത്. പതിനൊന്ന സെക്കൻഡ് നീണ്ടുനിൽക്കുന്ന വീഡിയോയിൽ ആനക്കുട്ടിയും പട്ടിയും തൊട്ടുകളിക്കുകയാണ്. തുമ്പിക്കൈ കൊണ്ട് തൊടാൻ ശ്രമിക്കുന്ന ആനക്കുട്ടിയെ ഓടിക്കുന്ന പട്ടിയാണ് വീഡിയോയിലുള്ളത്. സൗഹൃദം ഏതു രൂപത്തിലും ആകൃതിയിലും വരുമെന്ന അടിക്കുറിപ്പിലാണ് സുശാന്ത മനോഹരമായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ സുശാന്ത മൃഗങ്ങളുടെ രസകരമായ വീഡിയോകൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. പതിനൊന്നായിരത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. വളരെ മനോഹരം, ഇന്നത്തെ എന്റെ ദിവസം ഈ കാഴ്ച സുന്ദരമാക്കി, പട്ടിയുമായി കളിക്കുകയെന്നത് രസകരമായ സംഭവമാണ്. ആ തുമ്പിക്കയ്യന്റെ കുസൃതി കണ്ടോ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്.