പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട കലാപം; ഇസ്രത് ജഹാന്റെ ജാമ്യാപേക്ഷ തള്ളി, ജാമ്യം നൽകാൻ വേണ്ടുന്ന കാരണങ്ങളൊന്നുമില്ലെന്ന് കോടതി

Friday 27 November 2020 10:46 PM IST

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി ഡൽഹി സെഷൻസ് കോടതി. കേസിൽ യു.എ.പി.എ ചുമത്തിയാണ് ഇസ്രത് ജഹാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് ഇസ്രത് ജഹാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ 53 പേർക്ക് ജീവൻ നഷ്ടമാകുകയും, നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മണ്ഡോളി ജയിലിൽ കൊവിഡ് വ്യാപനമുണ്ടെന്നും ഒപ്പം തനിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇസ്രത് ജഹാൻ കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷയിൽ ജാമ്യം അനുവദിക്കാൻ തക്ക കാരണങ്ങളൊന്നുമില്ലെന്ന് നിരീക്ഷിച്ച അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കുറ്റങ്ങളുടെ തീവ്രതയും ചുമത്തിയിരിക്കുന്ന യു.എ.പി.എ വകുപ്പിന്റെയും ഗൗരവവും പരിഗണിക്കുമ്പോൾ ഇടക്കാല ജാമ്യം അനുവദിക്കുന്നത് ഗുണകരമായിരിക്കില്ലെന്നും ജഡ്ജി പരാമർശിച്ചു.