അക്കൗണ്ട് മരവിപ്പിക്കൽ നീക്കാൻ നഴ്സസ് അസോസിയേഷന്റെ ഹർജി

Saturday 28 November 2020 12:00 AM IST

കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യു.എൻ.എ) സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് സംഘടനയുടെ അഞ്ച് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ സംസ്ഥാന സെക്രട്ടറി പി.രശ്മി നൽകിയ ഹർജി ഹൈക്കോടതി ഡിസംബർ രണ്ടിനു പരിഗണിക്കാൻ മാറ്റി. തൃശൂരിലെ ഈ അക്കൗണ്ടുകൾ മരവിപ്പിച്ചതുമൂലം ജീവനക്കാർക്ക് ശമ്പളം നൽകാനോ വായ്പ തിരിച്ചടയ്ക്കാനോ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവൻ അക്കൗണ്ടുകളും മരവിപ്പിക്കേണ്ടതുണ്ടോയെന്ന് സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു. 65.99 ലക്ഷം രൂപയുടെ ക്രമക്കേട് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി നടന്ന കേസിലാണ് അവ മരവിപ്പിച്ചതെന്ന് ബോധിപ്പിച്ച സർക്കാർ, ഹർജിയെ എതിർത്തു. സർക്കാരിന്റെ എതിർപ്പ് രേഖാമൂലം അറിയിക്കാനാണ് ഹർജി മാറ്റിയത്.