അർണബിനെതിരെ തെളിവില്ല

Saturday 28 November 2020 12:10 AM IST

നിയമങ്ങൾ ദ്രോഹിക്കാനുള്ള ആയുധമാക്കരുതെന്നും സുപ്രീംകോടതി

ന്യൂഡൽഹി: അർണബ് ഗോസാമി കുറ്റക്കാരനെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇല്ലാത്തതിനാലാണ് ജാമ്യം നൽകിയതെന്ന് സുപ്രീം കോടതി. ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും മഹാരാഷ്ട്ര പൊലീസ് ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാനായില്ലെന്നും ജാമ്യം നൽകിയുള്ള ഉത്തരവിൽ പറയുന്നു. കോടതി പുറത്തിറക്കിയ ജാമ്യ ഉത്തരവിന്റെ പകർപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. നവംബർ പതിനൊന്നിനാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഇന്ദിര ബാനർജിയും അടങ്ങിയ ബെഞ്ച് അർണബിന് ജാമ്യം അനുവദിച്ചത്.

അർണബ് ഗോസാമിക്കെതിരേ മഹാരാഷ്ട്ര പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിന്റെ പ്രാഥമിക വിലയിരുത്തലിൽ അർണബിനെതിരായ കുറ്റം സ്ഥാപിക്കാനായില്ലെന്ന് ഉത്തരവിൽ പറയുന്നു. ക്രിമിനൽ നിയമം ചില പൗരന്മാരെ മാത്രം ഉപദ്രവിക്കാനുള്ള മാർഗമായി മാറരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

2018 ൽ ഇന്റീരിയർ ഡിസൈനർ അൻവയ് നായ്ക് ആത്മഹത്യ ചെയ്തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിർമ്മാണത്തിന് 83 ലക്ഷം രൂപ അർണബ് നൽകാനുണ്ടായിരുന്നുവെന്ന് നായിക്കിന്റെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു.