കോഴയെ ചൊല്ലി ബാർ ഒാണേഴ്സ് അസോസിയേഷനിൽ തർക്കം

Saturday 28 November 2020 12:09 AM IST

തിരുവനന്തപുരം: മുൻസർക്കാരിനെ വിവാദത്തിലാക്കിയ ബാർ കോഴ കേസിനെ ചൊല്ലി ബാർ ഒാണേഴ്സ് അസോസിയേഷനിൽ തർക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ.പി.സി. സി. പ്രസിഡന്റായിരുന്നപ്പോൾ ഒരു കോടി രൂപ കോഴ നൽകിയെന്ന ബാറുടമ ബിജുരമേശിന്റെ ആരോപണത്തെ ബാർ ഒാണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ നിഷേധിച്ചു. സുനിൽകുമാറിന്റെ വാദം തള്ളിയ ബിജുരമേശ്, ബാർ ഉടമകളിൽ നിന്ന് അസോസിയേഷൻ കോഴ ആവശ്യത്തിനായി മൊത്തം 27.79കോടി രൂപ പിരിച്ചെടുത്തുവെന്ന വിജിലൻസ് റിപ്പോർട്ട് തെളിവായി പുറത്തുവിട്ടു.

കോഴ ഇടപാട് നടക്കുന്ന സമയത്ത് സുനിൽകുമാർ ഭാരവാഹി അല്ലെന്നും അന്നത്തെ ഭാരവാഹികൾ താൻ പറഞ്ഞത് നിഷേധിച്ചിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.കെ ബാബുവിന് എതിരായി തെളിവില്ലെന്ന് പറയുന്ന വിജിലൻസ് റിപ്പോർട്ടിൽതന്നെ ബാർ അസോസിേയഷൻ പണം പിരിച്ചെന്ന് കണ്ടെത്തിയിരുന്നു. ആ പണം എവിടെയെന്നും ബിജു രമേശ് ചോദിച്ചു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സുനിലിന് വ്യക്തിപരമായ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും ബിജു രമേശ് ആരോപിച്ചു.

എറണാകുളത്തെ കേരള ബാർ ഹോട്ടൽ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫീസിൽ 2013 മാർച്ച് മൂന്നിന് ചേർന്ന അടിയന്തര യോഗത്തിലാണ് കോഴ നൽകാൻ തീരുമാനിച്ചതെന്നും പൊളിറ്റിക്കൽ, ലീഗൽ ഫണ്ടായി തിരുവനന്തപുരത്ത് നിന്ന് മാത്രം 80 ലക്ഷം രൂപ പിരിച്ചെന്നും ബാറുടമകൾ വിജിലൻസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

കേരള കോൺഗ്രസിലെ ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലെത്തിയപ്പോഴാണ് ബാർ കോഴ കേസ് ഒത്തുതീർപ്പാക്കാൻ ജോസ് കെ. മാണി വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ബിജുരമേശ് ബാർ കോഴ വിവാദം വീണ്ടും പുറത്തെടുത്തത്. രമേശ് ചെന്നിത്തലയ്ക്കും മുൻ മന്ത്രി വി.എസ്. ശിവകുമാറിനും പണം നൽകിയെന്ന വെളിപ്പെടുത്തലും പിന്നാലെ നടത്തി. ചെന്നിത്തലയ്ക്കെതിരെ മൊഴി നൽകാതിരുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സമ്മർദ്ദം കൊണ്ടാണെന്നും പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുക്കാനുള്ള നടപടികൾ സർക്കാർ ഉൗർജ്ജിതമാക്കിയിട്ടുണ്ട്.