അറബിക്കടലിൽ യുദ്ധവിമാനം തകർന്നു വീണ സംഭവം, പെെലറ്റിനെ കാണാതായിട്ട് ഒരു ദിവസം പിന്നിട്ടു, തെരച്ചിൽ തുടർന്ന് നാവികസേന

Friday 27 November 2020 11:12 PM IST

ന്യൂഡൽഹി:പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്നു വീണ ഇന്ത്യൻ നാവിക സേനയുടെ മിഗ് 29-കെ യുദ്ധവിമാനത്തിന്റെ വെെമാനികനായി തെരച്ചിൽ തുടരുന്നാതായി നാവിക സേന അറിയിച്ചു.

അറബിക്കടലിൽ ഐ.എൻ.എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പെെലറ്റുമാരാണ് അപകടത്തിൽപ്പെട്ടിരുന്നത്. പെെലറ്റുമാരിൽ ഒരാളെ രക്ഷപ്പെടുത്തി.കാണാതായ കമാണ്ടർ പെെലറ്റ് നിഷാന്ത് സിംഗിനായി തെരച്ചിൽ തുടരുകയാണ്. "മിഗ് 29-കെ പരിശീലന യുദ്ധവിമാനം നവംബർ 26ന് വെെകിട്ട് ആറ് മണിയോടെ അറബിക്കടലിൽ അപകടത്തിൽപ്പെട്ടിരുന്നു. ഒരു പെെലറ്റ് സുരക്ഷിതമായി സുഖം പ്രാപിച്ചുവരുന്നു. മറ്റൊരു കമാണ്ടർ പെെലറ്റ് നിഷാന്ത് സിംഗിനായി വായു ഉപരിതല തെരച്ചിൽ തുടരുകയാണ്." നാവിക സേന വക്താവ് ട്വീറ്റ് ചെയ്തു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും നാവിക സേന വ്യക്തമാക്കി. നിഷാന്തിനെ കാണാതായി ഒരു ദിവസം പിന്നിടുമ്പോഴും അദ്ദേഹം സുരക്ഷിതനായി മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.