ഗുണ്ടകൾക്കെതിരെ നടപടിയുമായി പൊലീസ്
കോട്ടയം:22 ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി മണർകാട് പ്രദേശം കേന്ദ്രീകരിച്ചു ഗുണ്ടാ ആക്രമണവും കഞ്ചാവ് മോഷണക്കേസുകളിലും പ്രതിയായ മണർകാട് കുഴിപ്പുരയിടം കരയിൽ ചിറയിൽ വീട്ടിൽ ബാബുവിന്റെ മകൻ ലുതീഷി (പുൽച്ചാടി)നെയാണ് കാപ്പ ചുമത്തി ജില്ലാ പൊലീസ് നാട് കടത്തിയത്.നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ ആർപ്പൂക്കര പനമ്പാലം കൊപ്രായിൽ ജെയിസ് മോൻ ജേക്കബ് (അലോട്ടി 27)യെയും, അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയനെയും (33) നേരത്തെ ജില്ലാ പൊലീസ് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ലുതീഷിനെതിരെയും കാപ്പ ചുമത്തിയിരിക്കുന്നത്.ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐജി കാളിരാജ് മഹേഷ്‌കുമാറാണ് ലതീഷിനെ ഒരു വർഷത്തേയ്ക്കു നാട് കടത്തിയത്.വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച, ആയുധം കൈവശം വെയ്ക്കൽ, ദേഹോപദ്രവം, കൊലപാതകശ്രമം തുടങ്ങിയ ക്രമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. അടുത്തിടെ കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.