ഇന്നലെ പറ്റിയോരബദ്ധം ഇന്നത്തെ സ്ക്രീൻഷോട്ടാകാം
തിരുവനന്തപുരം: നഗരസഭയോടു ചേർത്ത പേരും ഊരും ചേർന്നൊരു പ്രദേശത്തെ വാർഡിൽ ഒരു നേതാവിന് പറ്റിയൊരബദ്ധം എതിർടീമുകൾ സോഷ്യൽ മീഡിയയിലൂടെ അലക്കി വെളുപ്പിക്കുകയാണിപ്പോൾ. കഴിഞ്ഞ തവണ ഈ വാർഡിൽ രണ്ടാം സ്ഥാനത്തു പോയപ്പോൾ തന്നെ ഇത്തവണ വെട്ടിപ്പിടിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. എതിർ പാളയത്തിൽ നിന്നും വോട്ട് എന്തായാലും ഇങ്ങോട്ടുവരില്ല. അതുകൊണ്ട് റിബൽ തന്ത്രം ഇറക്കി. എതിർ മുന്നണിയിലെ സ്ഥാനാർത്ഥിക്കെതിരെ അവരുടെ ക്യാമ്പിൽ നിന്നും ഒരു അസംതൃപ്‌തയെ കണ്ടെത്തി റിബലാക്കി. പോസ്റ്ററുകളും ബാനറുകളും നിരന്നു. എതിർ മുന്നണി സ്‌പോൺസേഡ് സ്ഥാനാർത്ഥിയാണെന്ന് കഴിഞ്ഞതവണ ജയിച്ച മുന്നണിയിലുള്ളവർ പ്രചരിപ്പിച്ചെങ്കിലും ജനം വിശ്വസിക്കുന്നില്ല. അപ്പോഴാണ് റിബൽ വനിതയെ ജയിപ്പിക്കണമെന്ന പോസ്റ്റർ എതിർമുന്നണിയിൽപ്പെട്ട പ്രവർത്തകൻ ഫേസ്ബുക്കിൽ ഷെയർ ചെയ്‌തത് !. കള്ളിവെളിച്ചത്തായതിന്റെ തെളിവാണെന്ന് എതിർപക്ഷം പ്രചരിപ്പിച്ചു. പോസ്റ്റ് ഡിലീറ്റ് ചെയ്യുംമുമ്പ് സ്ക്രീൻ ഷോട്ട് എടുത്തു. ഇനി അത് നോട്ടീസടിച്ച് വീടുവീടാന്തരം എത്തിക്കാനാണ് തീരുമാനം. എന്നാൽ ഇങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം. ഒരു തെക്കൻ പഞ്ചായത്തിൽ കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനം വനിതയ്‌ക്കായിരുന്നു. ഇത്തവണ ജനറൽ സീറ്റ്, പക്ഷേ പ്രസിഡന്റായി ജനങ്ങളെ സേവിച്ച് മതിയായില്ലെന്ന് ആ വനിത പാർട്ടിക്കാരെ അറിയിച്ചു. ഇപ്പോൾ എന്തായാലും മത്സരിക്കണ്ട, അടുത്ത തവണ നോക്കാമെന്നായിരുന്നു വിപ്ലവ പാർട്ടിയുടെ മറുപടി. വനിത റിബലായി മത്സരിക്കാനിറങ്ങി. പിൻവലിക്കണമെന്ന് ദൂതന്മാർ അവരെ അറിയിച്ചു. പിൻവാങ്ങിയില്ല, ഒടുവിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു തന്നെ അവരെ പുറത്താക്കി.