ഇറാൻ ആണവായുധ പദ്ധതികളുടെ തലവന്റെ കൊലപാതകം; പിന്നിൽ ഇസ്രയേലെന്ന് ആരോപണം, പ്രതികാരം ചെയ്യുമെന്ന് രാജ്യം

Saturday 28 November 2020 8:06 AM IST

ടെഹ്‌റാൻ: ഇറാന്റെ ആണവായുധ പദ്ധതികളുടെ തലവൻ മൊഹ്‌സിൻ ഫഖ്‌രിസാദെയെ വെടിവച്ചുകൊലപ്പെടുത്തിയതിന് പിന്നിൽ ഇസ്രയേലെന്ന് ആരോപണം. പ്രതികാരം ചെയ്യുമെന്ന് ഇറാൻ അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് മൊഹ്‌സെൻ സഞ്ചരിച്ച കാറിന് നേരെ ആക്രമണമുണ്ടായത്.

മൊഹ്‌സെന്റെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ പ്രതിരോധ മന്ത്രാലയം ഇത് സ്ഥിരീകരിച്ചു.സുരക്ഷ സേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫഖ്‌രിസാദെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലുള്ള ഒരു ചെറിയ നഗരമായ അബ്‌സാരിഡിലാണ് ആക്രമണം നടന്നത്. ആക്രമണ ശേഷം ഭീകരവാദികൾ രക്ഷപ്പെട്ടത് സംബന്ധിച്ച് യാതൊരു വിവരവും അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പും മൊഹ്‌സെന് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.