ചിട്ടി ക്രമക്കേട്; കെ എസ് എഫ് ഇ ബ്രാഞ്ചുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന, കളളപണം വെളുപ്പിച്ചെന്നും സംശയം

Saturday 28 November 2020 9:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ബചത് എന്ന പേരിൽ ഇന്നലെ നടത്തിയ പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടർന്നാണ് പരിശോധന നടന്നത്.

റെയ്ഡിൽ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കളളപണം വെളുപ്പിച്ചെന്നും കണ്ടെത്തി. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കളളക്കണക്ക് തയ്യാറാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

നാല് കെ എസ് എഫ് ഇകളിൽ സ്വർണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വർണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നുവെന്നും കണ്ടെത്തി. ശാഖകളിലെ ക്രമക്കേടുകൾ നടപടി ശുപാർശയോടെ സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് അറിയിച്ചു.