ആറ് ഗർഭിണികൾക്കും നാഥനായി പ്രെറ്റി!!

Saturday 28 November 2020 12:53 PM IST

ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ പ്രമുഖ നടൻമാരിലൊരാളായ ഉച്ചെമ്പ വില്യംസിന്റെ വിവാഹച്ചടങ്ങിനെത്തിയ ആറു ഗർഭിണികൾ ലോകത്തിന് തന്നെ കൗതുകകരമായ കാഴ്ചയായിരുന്നു. സിൽവർ നിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞ ഗർഭിണികൾക്കൊപ്പം പിങ്ക് സ്യൂട്ടണിഞ്ഞ് ചിരിച്ചു നിൽക്കുന്ന ഒരു പുരുഷനെയും കാണാം.നൈജീരിയൻ പ്ലേ ബോയ് എന്നറിയപ്പെടുന്ന പ്രെറ്റി മൈക്കിനൊപ്പം ഗർഭിണികളായ ആറ് സ്ത്രീകളാണ് വിവാഹചടങ്ങിലെത്തിയത്. വില്യംസിന്റെ അടുത്ത സുഹൃത്താണ് പ്രെറ്റി മൈക്ക്. വിവാഹ സ്ഥലത്തേക്ക് കടന്നു വരുന്ന ഗർഭിണികളെ വിഷ് ചെയ്യുന്ന പ്രെറ്റി മൈക്ക് വയറ്റിൽ ചുംബിക്കുകയും ചെയ്യുന്നുണ്ട്.

ആറു കുഞ്ഞുങ്ങളും തന്റേതാണ് എന്നു പ്രഖ്യാപിക്കുന്ന മൈക്ക് അതോടെ സെലിബ്രിറ്റി വിവാഹ ചടങ്ങിലെ ശ്രദ്ധാകേന്ദ്രം കൂടിയായി. പിങ്ക് സ്യൂട്ട് ധരിച്ചാണ് പ്രെറ്റി മൈക്ക് ചടങ്ങിന് എത്തിയത്. ആറു സ്ത്രീകളിൽ നിന്ന് കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്ന തന്റെ ജീവിതം മികച്ചതാണെന്നും പ്രെറ്റി മൈക്ക് പറയുന്നു. ആഢംബര ജീവിതത്തിന്റെ പേരിൽ നേരത്തെ തന്നെ പ്രെറ്റി മൈക്ക് ലോക ശ്രദ്ധയാകർഷിച്ചിരുന്നു. തൂവൽ ചിറകുകളും കൊമ്പുള്ള തൊപ്പികളും പല നിറത്തിലുള്ള കുടകളുമായാണ് ഇയാൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറ്. അമേരിക്കയിൽ നിന്ന് കംപ്യൂട്ടർ എൻജിനീയറിംഗിൽ ബിരുദം നേടിയ പ്രെറ്റി മൈക്ക് സ്വന്തമായി നൈറ്റ് ക്ലബ് നടത്തുന്നുണ്ട്.

അഞ്ച് പേരെയെങ്കിലും വിവാഹം കഴിക്കണമെന്നതാണ് ജീവിത ലക്ഷ്യമെന്നും പ്രെറ്റി നേരത്തേ പ്രഖ്യാപിച്ചിരുന്നു.