'പ്രതികാരം എന്റെ രീതിയല്ല'; സോളാർ കേസിൽ സത്യം എന്നായാലും പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി

Saturday 28 November 2020 2:38 PM IST

ആലപ്പുഴ: സോളാർ കേസിലെ മുഖ്യപ്രതി കെ ബി ​ഗണേഷ് കുമാർ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സത്യം പുറത്തുവരുമെന്നും അത് എല്ലാവർക്കും അറിയാമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

സോളാർ കേസിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാർ കേസിന്റെ അന്വേഷണത്തിനായി അന്ന് തന്നെ വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്ന് സർക്കാർ ആലോചിക്കണം. സത്യം എന്നായാലും പുറത്ത് വരും. താൻ ഒരു ദൈവ വിശ്വാസിയാണ്. കേസ് വന്നപ്പോൾ അമിതമായി ദുഃഖിച്ചില്ല. കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാമെന്നുളളത് കൊണ്ടാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഇപ്പോൾ താൻ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്റെ രീതിയല്ല. താൻ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.