വിവാഹജീവിതത്തിനൊപ്പം ആത്മീയതും : സനഖാൻ

Monday 30 November 2020 7:50 AM IST

മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാന്റെ വിവാഹം കഴിഞ്ഞു. ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്‌തി അനസ് സെയിദാണ് വരൻ. വിവാഹ ചിത്രങ്ങൾ സന തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്.

'ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ പരസ്‌പരം സ്‌നേഹിക്കുന്നു, വിവാഹം ചെയ്യുന്നു, ഈ ലോകത്തിൽ നമ്മളെ എല്ലാവരേയും ദൈവം ചേർത്തു നിർത്തട്ടെ, സ്വർഗലോകത്തിൽ നമ്മളെ വീണ്ടും ചേർക്കട്ടെ" ഇങ്ങനെയായിരുന്നു സനയുടെ കുറിപ്പ്. കണ്ണൂർ സ്വദേശിയാണ് സനയുടെ പിതാവ്. മാതാവ് മുംബൈ സ്വദേശിയും. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. കഴിഞ്ഞ മാസമാണ് സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാർഗ്ഗം സ്വീകരിക്കുന്നതായും നടി വെളിപ്പെടുത്തിയത്.