തുളസിയും വോട്ടുപിടിത്തത്തിലാണ്, അന്നത്തിനുള്ള വക തേടിയ ശേഷം
Sunday 29 November 2020 12:23 AM IST
എരുമേലി : പുലർച്ച 3.30 ന് എഴുന്നേല്ക്കും, 350 റബർ മരങ്ങൾ ഭർത്താവുമൊന്നിച്ച് ടാപ്പിംഗ് നടത്തും. തുടർന്ന് റബർ പാൽ ശേഖരിച്ച് വീപ്പയിൽ സംഭരിക്കും. പിന്നീടാണ് വോട്ടുപിടിത്തം. എരുമേലി പഞ്ചായത്തിലെ മൂന്നാം വാർഡായ ചേനപ്പാടി കിഴക്കേക്കര ഭാഗത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തുളസിയുടെ ദിനചര്യയാണിത്. 51 കാരിയായ തുളസിയും ഭർത്താവ് ജോണിയും ടാപ്പിംഗ് ജോലിയിലേർപ്പെട്ടിട്ട് കാലങ്ങലായി. നാലു സെന്റിലുള്ള കൊച്ചുകൂരയിലാണ് അന്തിയുറങ്ങുന്നത്. കുടുംബശ്രീ പ്രവർത്തനങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ മേക്കറായും പ്രവർത്തിക്കുന്ന തുളസിയെത്തേടി ഒടുവിൽ നിയോഗം പോലെ വരികയായിരുന്നു സ്ഥാനാർത്ഥി ടിക്കറ്റും. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ലേബലിൽ വളർന്നത് കൊണ്ടാവും ജനപ്രതിനിധിയാകാനുള്ള അവസരവും തുളസിയെത്തേടി എത്തിയത്. സി.പി.എം ടിക്കറ്റിലാണ് ജനവിധി തേടുന്നത്.