രണ്ടു ചക്രങ്ങളിൽ മുൻ പ്രസിഡന്റിന്റെ പ്രചാരണ വാഹനം
ചങ്ങനാശേരി: രണ്ടു ചക്രങ്ങളിൽ നാടുചുറ്റുന്ന ഈ പ്രചാരണ വാഹനത്തിന് ഇന്ധനച്ചെലവില്ല, ഡ്രൈവറും വേണ്ട. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് മാടപ്പള്ളി ബ്ലോക്കിൽ വെരൂർചിറ ഡിവിഷനിൽ മൽസരിക്കുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ വർഗീസ് ആന്റണി ഈ വ്യത്യസ്ത പ്രചാരണം നടത്തുന്നത്. തന്റെ സൈക്കിളാണ് ഇദ്ദേഹം പ്രചാരണബോർഡുകൾ കൊണ്ട് അലങ്കരിച്ച് സവിശേഷ വാഹനമാക്കി മാറ്റിയിരിക്കുന്നത്.
വാഴപ്പള്ളി പഞ്ചായത്തിലെ ആറ് വാർഡുകളിലായി പരന്നു കിടക്കുന്ന വെരൂർചിറ ഡിവിഷനിലെ എല്ലാ മേഖലകളിലേക്കും ഇദ്ദേഹം കടന്നു ചെല്ലുന്നത് സാധാരണക്കാരന്റെ വാഹനമായ ഈ സൈക്കിളിലാണ്. ചുറ്റും ഫ്ളക്സ് ബോർഡുകൾ ഉറപ്പിച്ചിരിക്കുന്നതു കൂടാതെ ചവിട്ടുന്നയാൾക്ക് വെയിലോ മഴയോ ഏൽക്കാത്ത വിധം മുകൾ ഭാഗം മൂടിയിട്ടുമുണ്ട്. ആയിരം രൂപയേ ഈ പ്രചാരണ വാഹനം തയ്യാറാക്കാൻ ചെലവായുള്ളൂ. ഇതിൽ രാവിലെ ഏട്ടൊടെ പ്രചാരണത്തിനിറങ്ങുന്ന വർഗീസ് ആന്റണി വൈകിട്ട് ആറോടെ മടങ്ങും. സൈക്കിളിൽ പ്രചരണം നടത്തുന്ന മൂലം എല്ലാവരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനും റോഡിന്റേതക്കം ശോച്യാവസ്ഥ നേരിട്ടറിയാനും സാധിക്കുന്നുവെന്ന് വർഗീസ് ആന്റണി പറയുന്നു.എസ്.ബി ഹൈസ്‌കൂളിലെ മുൻ അദ്ധ്യാപകൻ കൂടിയാണ് ഇദ്ദേഹം.