ജാതിപ്പേര് വന്നാൽ ജാതകം മാറുമോ ?
തിരുവനന്തപുരം: തലസ്ഥാനത്ത് വിപ്ളവം കത്തിജ്വലിച്ചു നിൽക്കുന്ന മണ്ണിൽ വിപ്ലവ നായികയാകാൻ പ്രത്യക്ഷപ്പെട്ട സ്ഥാനാർത്ഥിയുടെ പേര് മാറ്റം കണ്ട് സ്വന്തം പാർട്ടിയിലെ പ്രവർത്തകർ പോലും അന്തം വിട്ട് നിൽക്കുകയാണിപ്പോൾ. പാർട്ടിയിൽ അറിയപ്പെടുന്ന അച്ഛന്റെ പേര് അവസാനം ചേർത്താണ് സ്ഥാനാർത്ഥിയുടെ ആദ്യഘട്ട ചുമരെഴുത്തുകളും പോസ്റ്ററുകളും നിരന്നത്. എന്നാൽ ഇന്നലെ അച്ഛന്റെ പേരിനുപകരം സമുദായത്തിന്റെ പേരു കൂട്ടിച്ചേർത്തുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. നാട്ടുകാരുടെ നെറ്റിചുളിയാൻ കാരണവും ഈ പേരുമാറ്റമാണ്. സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പേരാണ് ചേർത്തതെന്നാണ് പ്രവർത്തകരിൽ ഒരു ഭാഗം വിശദീകരിക്കുന്നത്. അപ്പോൾ മാതാപിതാക്കളുടെ പേരിനൊപ്പം സമുദായപേരില്ലല്ലോ എന്ന് മറ്റൊരു ചോദ്യവും ഉയരുന്നുണ്ട്. ഒരു സമുദായത്തിന് മുൻതൂക്കമുള്ള വാർഡിൽ അവരുടെ വോട്ട് നേടിയെടുക്കാനുള്ള വഴിയാണിതെന്ന് എതിർ പാർട്ടിക്കാർ ആരോപിക്കുന്നു. എന്തായാലും ഇന്നലെ രാത്രി മുതൽ പേര് മാറ്റ വിവാദം കൊഴുക്കുകയാണ്. ഇത് ആദ്യമായിട്ടല്ല പോസ്റ്ററുകളിലും ചുമരെഴുത്തുകളിലും സമുദായ പേര് വച്ചുള്ള പയറ്റ് നടക്കുന്നത്. തന്റെ സമുദായത്തിന് സ്വാധീനമില്ലാത്ത പ്രദേശങ്ങളിൽ സമുദായപേരില്ലാതെ ചുമരെഴുത്ത് നടത്തുകയും സമുദായത്തിന് മുൻതൂക്കമുള്ള സ്ഥലങ്ങളിൽ സമുദായ പേര് കൃത്യമായി എഴുതി ചേർക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. അങ്ങനെ ജയിച്ചവർ മന്ത്രിമാരും ആയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലും ഈ വിദ്യ പ്രയോഗിക്കപ്പെട്ടു. പക്ഷേ, യുവതലമുറയിലെ വോട്ടർമാരിൽ ഭൂരിഭാഗവും ജാതിയും മതവുമൊന്നും നോക്കിയല്ല വോട്ടു ചെയ്യുന്നതെന്നാണ് മറ്രൊരു കാര്യം. സ്‌കൂളിൽ അച്ഛൻ പേര് ചേർക്കുമ്പോൾ ജാതിനാമമില്ലാതെ ചേർക്കും. പിന്നീട് അതേ ആളുകൾ ഫേസ്ബുക്ക് തുറക്കുമ്പോൾ ജാതിപ്പേരു കൂടി ചേർക്കുമായിരുന്നു. അതുപോലും വിമർശിച്ചു തള്ളുന്നവരാണ് പുതിയ തലമുറ.