വത്സലയ്ക്ക് കൃഷി കഴിഞ്ഞേ രാഷ്ട്രീയമുള്ളൂ...
കല്ലമ്പലം: കരവാരം പഞ്ചായത്ത് 18-ാം വാർഡിൽ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വത്സലയ്ക്ക് കൃഷി കഴിഞ്ഞേ രാഷ്ട്രീയമുള്ളൂ. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സമൂഹത്തിന് വേണ്ടി പലതും ചെയ്യാനുണ്ടെന്ന് വത്സല പറയുന്നു. രാവിലെ 5 മുതൽ ജി.വ ത്സലയുടെ തിരക്കുകൾ തുടങ്ങും. ആദ്യം തൊഴുത്തിലെത്തി മൂന്നു കറവ പശുക്കളുടെ പരിപാലനം. പിന്നീട് അവയ്ക്ക് തീറ്റ, തുടർന്ന് പാൽ വീടുകളിൽ കൊണ്ടുപോയി കൊടുക്കും. അതും കഴിഞ്ഞ് തൊഴുത്ത് വൃത്തിയാക്കൽ, ആട്, കോഴി എന്നിവയുടെ കാര്യങ്ങൾ... പിന്നീട് പാടത്തേക്ക്. പാട്ടത്തിനെടുത്ത ഒരേക്കർ വയലിൽ സ്വന്തമായി നെല്ല് കൃഷി ചെയ്യുന്നു. അവിടെ വെള്ളം നോക്കണം, കള പറിക്കണം എല്ലാം കഴിഞ്ഞ് തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക്. വെറും വിജയമല്ല ഇത് നാടിന്റെ വികസന വിജയമാകണമെന്നാണ് വത്സല പറയുന്നത്. അയൽക്കൂട്ടം സെക്രട്ടറി, ചാങ്ങാട്ട് പാടശേഖരസമിതി, കരവാരം ക്ഷീര സംഘം സമിതി എന്നിവയിൽ ബോർഡ് അംഗം. എന്നാൽ മത്സര രംഗത്ത് ഇതാദ്യം. കേന്ദ്ര സർക്കാറിന്റെ ഒരുപാട് നല്ല പദ്ധതികൾ നാട്ടിൽ നടപ്പാക്കാനുണ്ടെന്നും പാവപ്പെട്ടവർക്ക് നീതി നിഷേധിക്കുന്ന രാഷ്ട്രീയം മാറണമെന്ന് പറയുന്നതിനൊപ്പം പൊതു സമൂഹത്തിലെ ബന്ധങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയും വത്സലയ്ക്കുണ്ട്.