സ്‌പെഷ്യൽ തപാൽ വോട്ട് ഇന്നുമുതൽ
തിരുവനന്തപുരം:കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റ് പേപ്പർ വിതരണം ജില്ലയിൽ ഇന്ന് ആരംഭിക്കും. വൈകിട്ട് 3ന് ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് തയ്യാറാകും. ഡിസംബർ 7ന് വൈകിട്ട് മൂന്നുവരെ ദിവസവും ഇതേ രീതിയിൽ സർട്ടിഫൈഡ് ലിസ്റ്റ് തയ്യാറാക്കും. ഡെസിഗ്‌നേറ്റഡ് ഹെൽത്ത് ഓഫീസർ കളക്ടറേറ്റിലെ സ്‌പെഷ്യൽ വോട്ടേഴ്‌സ് സെല്ലിലേക്കു നൽകുന്ന പട്ടിക പരിശോധന പൂർത്തിയാക്കി അതത് ബ്ലോക്ക് പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസർമാർക്കു നൽകും. റിട്ടേണിംഗ് ഓഫീസർമാർ അവരവരുടെ അധികാര പരിധിയിൽ വിന്യസിച്ചിട്ടുള്ള സ്‌പെഷ്യൽ പോളിംഗ് ഓഫീസർമാർക്ക് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ കൈമാറും. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ,അസിസ്റ്റന്റ് പോളിംഗ് ഓഫീസർ,പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന 83 ടീമുകളാണ് ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ത്രിതല പഞ്ചായത്തുകളിലേക്കുള്ള ബാലറ്റുകൾ നൽകുക.