സംസ്ഥാനത്തെ ചില സമുദായങ്ങൾക്കിടയിൽ രുചികരമായ വിഭവമാണിത്, ഇനിമുതൽ ഇവിടെ നായ മാംസം വിൽക്കാം; നിരോധന ഉത്തരവ് സ്‌റ്റേ ചെയ്ത് നാഗാലാൻഡ് ഹൈക്കോടതി

Sunday 29 November 2020 9:18 AM IST

ഗുവാഹാട്ടി: സംസ്ഥാനത്ത് നായ മാംസം വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേചെയ്ത് നാഗാലാൻഡ് ഹൈക്കോടതി. ചില സമുദായങ്ങൾക്കിടയിൽ നായമാംസം രുചികരമായ വിഭവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

നായകളെ മാംസത്തിനായി ചാക്കിൽ കെട്ടിത്തൂക്കിയ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ വിമർശനം ഉയർന്നതോടെ ജൂലായ് രണ്ടിനാണ് സർക്കാർ നായ ഇറച്ചിയുടെ വാണിജ്യ ഇറക്കുമതി, വ്യാപാരം, വിൽപ്പന എന്നിവ നിർത്തി ഉത്തരവിറക്കിയത്.

എന്നാൽ സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് ചിലർ ഹർജി നൽകിയിരുന്നു. സെപ്തംബർ പതിനാലിന് കോടതി സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിരുന്നു. സർക്കാർ മറുപടി നൽകാത്തതിനെ തുടർന്നാണ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സ്‌റ്റേ ചെയ്തത്. നേരത്തെ മിസോറമും നായ ഇറച്ചി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.