രാജ്യത്ത് 24 മണിക്കൂറിനിടെ 38,772 പേർക്ക് കൊവിഡ്, 443 മരണം; പ്രതിദിന രോഗികൾ ഏ‌റ്റവും കൂടുതൽ കേരളത്തിൽ

Monday 30 November 2020 11:11 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 38,772 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 443 പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94,31,691 ആയി. 1,37,139 പേർ മരണമടഞ്ഞു. ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 88,46,313 ആയി. ആകെ ആക്‌ടീവ് കേസുകൾ 4,46,952 ആണ്. ആകെ രോഗമുക്തി നിരക്ക് 94 ശതമാനമാണെന്നും രാജ്യത്ത് കൊവിഡ് മരണനിരക്ക് മ‌റ്റ് രാജ്യങ്ങളിലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഡൽഹി, മഹാരാഷ്‌ട്ര,പശ്ചിമ ബംഗാൾ,ഹരിയാന,പഞ്ചാബ്, കേരളം, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലുള‌‌ളവരാണ് മരണമടഞ്ഞവരിൽ 71 ശതമാനവും. പ്രതിദിന കണക്കിൽ 89 പേർ മരണമടഞ്ഞ മഹാരാഷ്‌ട്രയാണ് മുന്നിൽ.ഡൽഹി(68), പശ്ചിമബംഗാൾ(54) എന്നീ സംസ്ഥാനങ്ങളാണ് പിന്നിൽ.

ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ ഏ‌റ്റവും മുന്നിൽ കേരളമാണ്. 5643 ആണ് സംസ്ഥാനത്തെ പ്രതിദിന വർദ്ധന. തൊട്ടുപിന്നിൽ മഹാരാഷ്‌ട്രയാണ് 5544. ഡൽഹിയാണ് മൂന്നാമത്. 4906 പോസി‌റ്റീവ് കേസുകൾ. മഹാരാഷ്‌ട്രയിൽ ഇതുവരെ 18,20,059 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഞായറാഴ്‌ച 68 പേർ മരണമടഞ്ഞതോടെ 9066 പേർ ഇവിടെ കൊവിഡിന് കീഴടങ്ങി. ഇവിടെ കൊവിഡ് പോസി‌റ്റീവ് നിരക്ക് 7.64 ആണ്. കേരളത്തിൽ രോഗ പോസി‌റ്റീവ് നിരക്ക് 11 ശതമാനത്തിന് മുകളിലാണ്.