ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ എൻഫോഴ്സ്‌മെന്റ് പരിശോധന; അന്വേഷിക്കുന്നത് സി എം രവീന്ദ്രനുമായുളള ബന്ധം

Monday 30 November 2020 11:55 AM IST

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ എൻഫോഴ്സ്‌മെന്റ് പരിശോധന. വടകര നാദാപുരം റോഡിലെ ഊരാളുങ്കൽ ആസ്ഥാനത്താണ് റെയ്‌ഡ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായുളള ബന്ധത്തെപ്പറ്റിയാണ് അന്വേഷണം.

മൂന്നംഗ എൻഫോഴ്‌സ്‌മെന്റ് സംഘമാണ് ഊരാളുങ്കൽ ആസ്ഥാനത്ത് എത്തിയത്. രവീന്ദ്രന് ഉൗരാളുങ്കൽ സൊസൈറ്റിയുമായി ബന്ധമുണ്ടെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി ചില ചോദ്യങ്ങൾ ചോദിച്ച ശേഷം എൻഫോഴ്‌സ്‌മെന്റ് മടങ്ങിയെന്നാണ് സൊസൈറ്റിയിലെ ഉദ്യോഗസ്ഥർ പറയുന്നത്. റെയ്‌ഡ് നടന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. രണ്ടേ മുക്കാൽ മണിക്കൂറോളമാണ് പരിശോധന നീണ്ടത്. ഒമ്പത് മണിയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥർ പതിനൊന്നേ മുക്കാലോടെ മടങ്ങുകയായിരുന്നു.

അതേസമയം, ഉദ്യോഗസ്ഥർ തിരികെ പോയപ്പോൾ അവരുടെ കൈയിൽ ചില ഫയലുകൾ ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കാർ വളരെ ദൂരെ പാർക്ക് ചെയ്‌ത ശേഷമാണ് മൂന്നംഗ സംഘം സൊസൈറ്റിയിലെത്തിയത്. ഊരാളുങ്കലിന്റെ മറ്റ് ഓഫീസുകളിലേക്കും എൻഫോഴ്‌സ്‌മെന്റ് സംഘം എത്തിയെന്ന വിവരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.