ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവർത്തകയുമായ ശീതൾ ആത്മഹത്യ ചെയ്‌ത നിലയിൽ
Monday 30 November 2020 4:26 PM IST
മുംബയ്: സാമൂഹിക പ്രവർത്തകൻ ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവർത്തകയുമായ ഡോ ശീതൾ ആംതെ കരജ്ഗിയെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ചന്ദ്രപുർ ജില്ലയിലെ സ്വവസതിയിലാണ് അവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബാബാ ആംതേയുടെ മകൻ വികാസ് ആംതെയുടെ മകളാണ് ഡോ ശീതൾ.
പൊതുജനാരോഗ്യ വിദഗ്ദ്ധ, സാമൂഹിക സംരഭക എന്നീ രംഗങ്ങളിൽ സാന്നിദ്ധ്യം അറിയിച്ചിട്ടുളള വ്യക്തിയായ ശീതൾ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായും പ്രവർത്തിച്ചിരുന്നു. കുഷ്‌ഠരോഗം മൂലം കഷ്‌ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മഹാരോഗി സേവാസമിതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ബോർഡ് അംഗവുമാണ്.
കഴിഞ്ഞ ആഴ്‌ച മഹാരോഗി സേവാ സമിതിയിലെ ക്രമക്കേടുകളെ കുറിച്ച് ആരോപണമുന്നയിച്ചു കൊണ്ട് ശീതൾ ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ രണ്ടുമണിക്കൂറുകൾക്കം അത് പിൻവലിക്കുകയും ചെയ്‌തു.