പിതാവിന്റെ പൂച്ചയെ ഫ്രൈയിംഗ് പാൻ കൊണ്ട് അടിച്ചു കൊന്നു, മകൻ അറസ്‌റ്റിൽ
Monday 30 November 2020 7:40 PM IST
പോർട്ട്‌ലാൻഡ് : പിതാവിന്റെ വളർത്തുപൂച്ചയെ ഫ്രൈയിംഗ് പാൻ കൊണ്ട് അടിച്ചു കൊന്നതിന് മകൻ അറസ്റ്റിൽ. യു.എസിലെ മെയ്നിൽ ആണ് സംഭവം. 43 കാരനായ റയാൻ ടി. കാർൾടൺ ആണ് അറസ്റ്റിലായത്. മറ്റൊരു കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതിന് തൊട്ടടുത്ത ദിവസമാണ് റയാൻ പൂച്ചയെ കൊന്നത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂര കൃത്യത്തിനും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിലുമാണ് റയാനെതിരെ കേസെടുത്തിരിക്കുന്നത്.
പൂച്ച കൊല്ലപ്പെട്ടെന്നും തന്റെ മകൻ കൂടെയുണ്ടായിരുന്നെന്നും റയാന്റെ പിതാവ് തന്നെ പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. അമ്മയുടെ കാർ മോഷ്ടിച്ചു എന്ന പേരിലാണ് റയാൻ ആദ്യം അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തെത്തിയത്. പിന്നാലെയാണ് പൂച്ചയോടുള്ള ക്രൂരത.