കടം ചോദിച്ച 200 രൂപ നൽകിയില്ല, 30കാരനെ യുവാവ് വെടിവച്ചു കൊന്നു, സംഭവം ഇങ്ങനെ

Monday 30 November 2020 10:08 PM IST

ന്യൂഡൽഹി: ഇരുനൂറ് രൂപ കടം നൽകിയില്ലെന്ന പേരിൽ 30കാരനെ വെടിവച്ചു കൊലപ്പെടുത്തി യുവാവ്. ഡൽഹിയിലെ സിവിൽ ലെെൻ മാർക്കറ്റിലാണ് ഞെട്ടിക്കുന്ന സംഭവം. ടയർ കച്ചവടക്കാരനായ അൻസാർ അഹ‌മ്മദിനെയാണ് പണം ആവശ്യപ്പെട്ട് വന്ന പരിചയക്കാരനായ ആസിഫ് എന്ന യുവാവ് വെടിവച്ചു കൊന്നത്. അൻസാർ അഹ‌മ്മദിന്റെ ബെെക്ക് ഉപയോഗിക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ആസിഫ് ആദ്യം എത്തുന്നത്. അൻസാർ ബെെക്ക്‌ നൽകാത്തതിനെ തുടർന്ന് മടങ്ങിപോയ ഇയാൾ അതേ ദിവസം 200 രൂപ കടമായി ആവശ്യപ്പെട്ട് അൻസാറിന്റെ അടുത്ത് വീണ്ടും എത്തി. പണം നൽകാൻ ഇയാൾ വിസമ്മതിച്ചതോടെയാണ് പ്രകോപിതനായ ആസിഫ് പോക്കറ്റിൽ നിന്ന് തോക്ക് എടുത്ത് ഇയാൾക്ക് നേരെ വെടിയുതിർത്തത്. അൻസാർ മരണപ്പെട്ടതറിഞ്ഞതോടെ ഇയാൾ ബെെക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മൂന്ന് കുട്ടികളുടെ അച്ചനാണ് അൻസാർ അഹമ്മദ്. അതേസമയം മയക്കുമരുന്നിന് അടിമപ്പെട്ട ആസിഫ് ഇതിന് മുമ്പും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.