കണ്ണൂർ വിമാനത്താവളത്തിൽ 64.5 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Tuesday 01 December 2020 8:13 AM IST

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 64.5 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഞായറാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ദുബായിൽ നിന്നെത്തിയ മൂന്നു കർണാടക സ്വദേശികളിൽ നിന്നാണ് 1322 ഗ്രാം സ്വർണം പിടിച്ചത്. മൂന്നു ഐ ഫോണുകളും പിടിച്ചെടുത്തു.

ഞായറാഴ്ച രാത്രി ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കർണാടക ഭട്കൽ സ്വദേശി മുഹമ്മദ് ഷമ്മാസ് അർമാറിൽ നിന്ന് 451 ഗ്രാം സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത് . ഇതേ വിമാനത്തിലെത്തിയ മുക്താർ അഹമ്മദ് സിറാജുദ്ദീനിൽ നിന്ന് 102 ഗ്രാം സ്വർണവും പിടികൂടി. ബാഗേജിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തിങ്കളാഴ്ച പുലർച്ചെ ദുബായിൽ നിന്നുള്ള ഗോ എയർ വിമാനത്തിലെത്തിയ കർണാടക ഭട്കൽ സ്വദേശി ഷബാസ് അഹമ്മദിൽ നിന്ന് 769 ഗ്രാം സ്വർണം പിടിച്ചു. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.മൂന്ന് ഐ ഫോണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മൂന്നു പേരെയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് അന്വേഷണം തുടങ്ങി. കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ എൻ.സി.പ്രശാന്ത്, പി. ജ്യോതി ലക്ഷ്മി, ഇൻസ്പെക്ടർമാരായ അശോക് കുമാർ, മനീഷ് കുമാർ ഖട്ടാന, ഗുർമീത് സിങ്ങ് , ഹവിൽദാർ സി.വി.ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.