എവിടെയും റെയ്‌ഡ് നടന്നിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞാൽ അതുതന്നെയാണ് അവസാന വാക്കെന്ന് ഇ പി ജയരാജൻ

Tuesday 01 December 2020 12:33 PM IST

കണ്ണൂർ: കെ എസ് എഫ് ഇയിൽ നടന്ന വിജിലൻസ് റെയ്‌ഡിൽ പ്രതികരണവുമായി മന്ത്രി ഇ പി ജയരാജൻ. റെയ്‌ഡ് വിവാദത്തിൽ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒരു കാര്യവുമില്ലെന്നാണ് ജയരാജന്റെ പ്രതികരണം.

എവിടെയും റെയ്ഡ് ഉണ്ടായിട്ടില്ല. റെയ്ഡ് എന്നു പറഞ്ഞാൽ റെയ്ഡ് ആകുമോ എന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയതോടെ സംഗതി ക്ലീയറായി. അതിൽ ഒരു സംശയവും അവശേഷിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞാൽ അതുതന്നെയാണ് അവസാന വാക്കെന്നും ജയരാജൻ വ്യക്തമാക്കി.

ധനമന്ത്രിക്ക് അസംതൃപ്‌തിയുണ്ടല്ലോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആർക്കും ഒരു അസംതൃപ്‌തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോൾ രമേശ് ചെന്നിത്തലയ്‌ക്ക് ലേശം അസംതൃപ്‌തിയുണ്ടാകും. അത് കുറച്ച് നിന്നോട്ടെ എന്നും ജയരാജൻ പരിഹസിച്ചു.

യു ഡി എഫുകാർക്ക് വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട് ഇപ്പോൾ ഇങ്ങനെ ഒരോദിവസവും രാവിലെ പത്രസമ്മേളനം വിളിക്കും. തോന്നിയത് വിളിച്ചു പറയും. അതിനോടൊന്നും പ്രതികരിച്ചിട്ട് കാര്യമില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.