പരസ്യ പ്രസ്‌താവന ഒഴിവാക്കണമായിരുന്നു; തോമസ് ഐസക്കിനെ പരസ്യമായി തളളി സി പി എം

Tuesday 01 December 2020 2:07 PM IST

തിരുവനന്തപുരം: കെ എസ് എഫ് ഇ റെയ്‌ഡ് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തളളി സി പി എം സംസ്ഥാന നേതൃത്വം. പരിശോധനയെ കുറിച്ചുളള പരസ്യ പ്രസ്‌താവന ഒഴിവാക്കണമായിരുന്നു എന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവന ഇറക്കി. ധനമന്ത്രിയുടെ പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനമുണ്ടാക്കിയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

കെ എസ് എഫ് ഇയിലെ വിജിലൻസ് പരിശോധനയുടെ പശ്ചാത്തലത്തിൽ സി പി എമ്മിനും സർക്കാരിനും വ്യത്യസ്‌ത അഭിപ്രായം ഉണ്ടെന്ന പ്രാചാരണം അടിസ്ഥാന രഹിതമാണ്. ആശയക്കുഴപ്പമുണ്ടാക്കാമെന്നത് രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമമാണ്. കെ എസ് എഫ് ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ സാധാരണ ഗതിയിലുളള പരിശോധനയാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറയുന്നു.

വിജിലൻസ് പരിശോധന സംബന്ധിച്ചുളള ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെ എസ് എഫ് ഇയെ പോലുളള മികവാർന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ഉപയോഗിക്കുന്നത് കണ്ട് നടത്തിയ പ്രതികരണങ്ങളാണ് അത്. എന്നാൽ അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പ്രസ്‌താവനയിലൂടെ സി പി എം വ്യക്തമാക്കുന്നത്.

കേരളത്തിലെ ഇടത് സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്. പൊതു സമൂഹത്തിൽ നല്ല സ്വീകാര്യത ഉണ്ട്. അതുകൊണ്ട് കൂടിയാണ് നിരന്തരം വിവാദം ഉണ്ടാക്കി ആശയക്കുഴപ്പം ഉണ്ടാക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിക്കുന്നത്. ജനാധിപത്യ വിരുദ്ധ സമീപനം എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. പാർട്ടിയിലും സർക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തി തീർക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്നും സി പി എം ഓർമ്മിപ്പിക്കുന്നുണ്ട്.