ഒരു ദിവസത്തേക്ക് മൂന്നാറിലെ താമസ സൗകര്യമുളള എ സി ബസ് ഫുൾ ബുക്ക് ചെയ്യാൻ വെറും 1600 രൂപ മതി, 15 ദിവസം കൊണ്ട് കെ എസ് ആർ സിക്ക് കിട്ടിയത് 55,280 രൂപ
ഇടുക്കി: മൂന്നാറിലെത്തുന്ന വിനാേദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യമൊരുക്കാൻ കെ എസ് ആർ ടി സി ഒരുക്കിയ സംവിധാനം ക്ളച്ചുപിടിച്ചു. യാത്രക്കാരുടെ താമസത്തിനായി ഒരുക്കിയ രണ്ട് എ സി ബസുകളിലും സീറ്റിംഗ് കപ്പാസിറ്റി ഫുളളാണ്. നിരവധിപേരാണ് ബസ് ബുക്കുചെയ്യാനായി ഓരോദിവസവും എത്തുന്നത്. നവംബർ 14 മുതലാണ് ബസ് സന്ദർശർക്കായി നൽകിത്തുടങ്ങിയത്. രണ്ടുബസും എ സിയാണ്. ടോപ്പ് ഗിയറിലോടുന്ന പദ്ധതിയിലൂടെ കേവലം 15 ദിവസം കൊണ്ട് 55,280 രൂപയാണ് ഇതിലൂടെ കെ എസ് ആർ ടി സിക്ക് ലഭിച്ചത്.
ഒരു ബസിൽ 16 കിടക്കകളാണ് ഒരുക്കിയിട്ടുളളത്. ഒരു കിടക്കയ്ക്ക് ഒരു ദിവസത്തേക്ക് 100 രൂപയാണ് ഈടാക്കുന്നത്.പുതയ്ക്കാൻ കമ്പിളിവേണമെങ്കിൽ 50 രൂപകൂടി അധികം നൽകണം. 1600 രൂപ നൽകി ബസ് ഫുൾ ആയി ബുക്ക് ചെയ്യാനുളള സൗകര്യവും ഉണ്ട്. ഒന്നോ രണ്ടോ പേർക്ക് ചേർന്ന് വേണമെങ്കിലും ഫുൾ ആയി ബുക്കുചെയ്യാം.
ബസിൽ അന്തിയുറങ്ങാൻ താത്പര്യമുളളവർ കെ എസ് ആർ ടി സിയുടെ മൂന്നാർ ഡിപ്പോയിലാണ് പണം അടയ്ക്കേണ്ടത്. പണം അടയ്ക്കുന്നവർക്ക് വൈകിട്ട് അഞ്ചുമണിക്ക് ബസിനുളളിൽ പ്രവേശിക്കാം. ഡിപ്പോയിൽ തന്നെയാണ് ബസ് നിറുത്തിയിടുന്നത്. ഭക്ഷണം കഴിക്കണമെങ്കിൽ ഡിപ്പോയുടെ സമീപത്ത് ഭക്ഷണശാലകളും ഉണ്ട്. ടോയ്‌ലറ്റ് സൗകര്യം വേണമെന്നുളളവർക്ക് ഡിപ്പോയിലെ ടോയ്‌ലറ്റുകൾ ഉപയോഗിക്കാം.