'തക്ക് ധിന ധിൻ!... രാജ്യം കത്തുമ്പോൾ അദ്ദേഹം വീണ വായിക്കുന്നു': പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷൺ

Tuesday 01 December 2020 6:32 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ രാജ്യത്ത് കർഷകരുടെ പ്രതിഷേധം കത്തി ഉയരുമ്പോൾ ദീപാവലി ആഘോഷ പരിപാടികളിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. രാജ്യം കത്തിയമരുമ്പോൾ മോദി വീണ വായിക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

"തക്ക് ധിന ധിൻ! വിളക്കുകൾക്ക് വിട. ഇന്ത്യ കത്തുമ്പോള്‍ മോദി വീണവായിക്കുന്നു." എന്നാണ് മോദിയുടെ ദീപാവലി ആഘോഷങ്ങളുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു കൊണ്ട് പ്രശാന്ത് ഭൂഷന്‍ കുറിച്ചത്.

വാരണാസിയിലെ ദേവ് ദീപാവലി ആഘോഷങ്ങുടെ ഭാഗമായി ലേസര്‍ ഷോയും ശിവ താണ്ഡവ സ്തുതിയും ആസ്വദിക്കുന്ന നരേന്ദ്രമോദിയുടെ വീഡിയോ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കഴിഞ്ഞദിവസമാണ് പങ്കുവച്ചിരുന്നത്. ഇതിനെതിരെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം. 'റോമ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചു' എന്ന വാക്യം ഓർമ്മിപ്പിക്കുന്ന തരത്തിലാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

രാജ്യത്ത് കർഷക പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെയാണ് മോദിയുടെ വാരണാസി സന്ദർശനമെന്നതും ശ്രദ്ധേയമാണ്. നിരവധി പേരാണ് മോദിയുടെ വീഡിയോയ്ക്ക് താഴെ ട്രോളുകളുമായി എത്തിയത്. ശിവ താണ്ഡവ സ്തുതിയുടെ താളം അനുസരിച്ച് വിരലുകള്‍ ചലിപ്പിക്കുന്ന മോദിയുടെ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു.