അയ്യോ ഓട്ടോയില്ല ... ഓട്ടോയില്ല

Tuesday 01 December 2020 9:56 PM IST

സുൽത്താൻ ബത്തേരി : കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചിഹ്നം എടുത്തുപറഞ്ഞ് വോട്ട് ചെയ്യാൻ പറഞ്ഞപ്പോഴാണ് വേദിക്കരുകിൽ നിന്ന് ആളുകൾ അയ്യോ ഓട്ടോയില്ല... ഓട്ടോയില്ല എന്ന് വിളിച്ചുപറഞ്ഞത്. സുൽത്താൻ ബത്തേരി നഗരസഭ മന്തൊണ്ടികുന്ന് ഡിവിഷനിൽ നിന്നുള്ള കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മൽസരിക്കുന്ന സ്വതന്ത്രന്റെ ചിഹ്നമാണ് ഓട്ടോറിക്ഷ. രമേശ് ചെന്നിത്തല പ്രസംഗിക്കുന്ന വേദിക്കരുകിലായി കണ്ട ചിഹ്നങ്ങളിലേക്ക് നോക്കിയാണ് കൈ, കോണി, കുട, ഓട്ടോറിക്ഷ എന്നി അടയാളങ്ങളിൽ വോട്ടുകൾ നൽകി വിജയിപ്പിക്കാൻ അഭ്യർത്ഥിച്ചത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഔദ്യോഗിക സ്ഥാനാർത്ഥിയായ അഡ്വ.രാജേഷ്‌കുമാറിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം ആളുകൾ രംഗത്തിറങ്ങി. ഇവർ സ്വതന്ത്രനായി നിൽക്കുന്ന അബ്ദുൾ സലാമിന് പിൻതുണ നൽകുകയും പ്രവർത്തനം നടത്തുകയും ചെയ്തു. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കുന്നവരെ മെരുക്കുക എന്നലക്ഷ്യവുമായാണ് പ്രതിപക്ഷ നേതാവ് ഡിവിഷനിലെത്തിയത്. എന്നാൽ ചിഹ്നങ്ങളെല്ലാം ഒന്നിച്ച് കണ്ടതോടെ എല്ലാം യു.ഡി.എഫിന്റെ ബാനറിൽ മൽസരിക്കുന്നവരാണന്ന് ചെന്നിത്തല തെറ്റിദ്ധരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് ബത്തേരി സ്വതന്ത്ര മൈതാനിയിലെ യു.ഡി.എഫ് തി​രഞ്ഞടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ശേഷമാണ് മന്തൊണ്ടിക്കുന്ന് ഡിവിഷനിലെത്തിയത്. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കുന്നുവെന്നതിന്റെ പേരിൽ കെ.ഒ.ജോയി. ടോമി മലവയൽ, കാണിയാട്ടു ജോണി എന്നിവരെ കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നു സസ്‌പെന്റ് ചെയ്തിരുന്നു.എന്നാൽ ഇവർ സ്വതന്ത്ര സ്ഥാനാർത്ഥിക്കു വേണ്ടി തന്നെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഓട്ടോറിക്ഷ ഇപ്പോൾ ഡിവിഷൻ മുഴുവനും ടോപ്പ് ഗിയറിലാണ് പോകുന്നത്.