പാചകവാതകം... വില കുറഞ്ഞപ്പോൾ സബ്സിഡി സ്വാഹ!
ഗാർഹിക സബ്സിഡി ഇല്ലാതായെന്ന് എണ്ണക്കമ്പനികൾ
ആലപ്പുഴ: ലോക്ക് ഡൗണിൽ അവതാളത്തിലായ പാചക വാതക സബ്സിഡി വിതരണം പുന:സ്ഥാപിക്കുന്നതിനേപ്പറ്റി അധികൃതരുടെ ഭാഗത്തുനിന്ന് മിണ്ടാട്ടമില്ല. സംസ്ഥാനത്തെ ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ട് അഞ്ചു മാസമായി.
സബ്സിഡിയുള്ളവരും ഇല്ലാത്തവരും നിലവിൽ ഒരേ വിലയാണു പാചകവാതകത്തിന് നൽകേണ്ടി വരുന്നത്.
കൊവിഡിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞതോടെയാണ് സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കുറഞ്ഞ് സബ്സിഡി വിലയ്ക്കൊപ്പമെത്തിയത്. കേന്ദ്ര-സംസ്ഥാന ജി.എസ്.ടി. ഉൾപ്പെടെ രണ്ടുവിലയും മാസങ്ങളായി 601 രൂപയാണ്. എന്നാൽ വിലക്കുറവിന് മുമ്പുള്ള സിലിണ്ടറുകൾക്കും സബ്സിഡി മുടങ്ങിക്കിടക്കുകയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നാലും രൂപയുടെ വില ഇടിഞ്ഞാലും പാചകവാതകത്തെ നേരിട്ടു ബാധിക്കും. ഇതിനാൽ ഓരോ മാസത്തിന്റെയും തുടക്കത്തിൽത്തന്നെ എണ്ണക്കമ്പനികൾ പാചകവാതക വില നിശ്ചയിക്കും. ഇക്കാരണത്താൽ സർക്കാർ പ്രതിമാസമാണ് സബ്‌സിഡിത്തുക നിശ്ചയിക്കുന്നത്.
ഇന്ത്യയിൽ പാചകവാതക വില കണക്കാക്കുന്നത് ഇറക്കുമതിക്കു സമമായ തുകയ്ക്കാണ് (ഐ.പി.പി). അന്താരാഷ്ട്ര വിപണിയിലെ വില, കടത്തുകൂലി, ഇൻഷ്വറൻസ്, തുറമുഖക്കൂലി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടെയാണിത്. ഇതിനുപുറമേ ബോട്ട്ലിംഗ് ചാർജ്, ഡീലർ കമ്മിഷൻ, ജി.എസ്.ടി എന്നിവയും ഉൾപ്പെടുന്നു.
സബ്സിഡി പോയ വഴി
ജൂൺ മുതൽ ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇതേ വിലയിലേക്ക് സബ്‌സിഡിയില്ലാത്ത പാചകവാതക വിലയും എത്തിയതോടെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) പദ്ധതിയനുസരിച്ച് സബ്‌സിഡിത്തുക ‘പൂജ്യം’ ആയെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. സബ്‌സിഡിയുള്ള പാചകവാതകത്തിന് ഒരുവർഷംകൊണ്ട് പടിപടിയായി നൂറുരൂപയോളം കൂട്ടിയിരുന്നു.പാവപ്പെട്ടവർക്ക് ഉജ്ജ്വല യോജന വഴി പാചക വാതകം, മണ്ണെണ്ണ, എൽ.പി.ജി കണക്ഷൻ എന്നിവയ്ക്കാണ് നിലവിൽ സർക്കാർ സബ്‌സിഡി നൽകുന്നത്.
..................
ലോക്ക് ഡൗൺ ആരംഭിച്ചതിൽ പിന്നെ സബ്സിഡി ലഭിച്ചിട്ടേയില്ല. ഇപ്പോൾ വില കുറഞ്ഞത് ആശ്വാസമാണ്. എന്നാൽ വില ഉയർന്ന് നിന്ന സമയത്തെ തുകയും കുടിശികയായി കിടക്കുകയാണ്
ഗിരിജ, വീട്ടമ്മ