ഭീകരർ നിർമ്മിച്ച തുരങ്കത്തിന്റെ തുടക്കം പാകിസ്ഥാനിൽ

Wednesday 02 December 2020 12:00 AM IST

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ നഗ്രോട്ടയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു ഭീകരർ അതിർത്തി കടക്കാൻ നിർമ്മിച്ച ഭൂഗർഭ തുരങ്കത്തിന്റെ തുടക്കം പാകിസ്ഥാൻ അതിർത്തിയിൽ 200മീറ്റർ ഉള്ളിലാണെന്ന് കണ്ടെത്തി. ഭീകരരിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിലെ സന്ദേശങ്ങളെ അടിസ്ഥാനമാക്കി ബി.എസ്.എഫും ജമ്മുകാശ്‌മീർ പൊലീസും നടത്തിയ പരിശോധനയിൽ നവംബർ 22ന് സാംബാ അതിർത്തിയിലാണ് തുരങ്കം കണ്ടെത്തിയത്.

മണൽചാക്ക് ഉപയോഗിച്ച് ബലപ്പെടുത്തിയ തുരങ്കം കാട്ടുവള്ളി കൊണ്ട് മൂടിയിരുന്നു. ബി.എസ്.എഫ് ജവാൻമാർ തുരങ്കത്തിൽ ഇറങ്ങി വിശദ പരിശോധന നടത്തിയപ്പോളാണ് 200 മീറ്റർ അകലെ പാകിസ്ഥാൻ അതിർത്തി വരെ നീളമുണ്ടെന്ന് വ്യക്തമായത്. സമീപ കാലത്ത് നിർമ്മിച്ചതാണെന്നും വ്യക്തമായിട്ടുണ്ട്. തുരങ്ക നിർമ്മാണത്തിലെ എൻജിനീയറിംഗ് വൈദഗ്ദ്ധ്യം പാക് സൈന്യത്തിന്റെ പങ്ക് ബലപ്പെടുത്തുന്നു. ലാഹോറിലെ ഒരു കമ്പനിയുടെ വിലാസം പ്രിന്റ് ചെയ്‌ത മണൽ ചാക്കുകളും തുരങ്കത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഭീകരരിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് തുരങ്കത്തെ സംബന്ധിച്ച സൂചനകൾ ലഭിച്ചതെന്ന് ബി.എഫ്.എഫ് മേധാവി രാകേഷ് അസ്‌താന പറഞ്ഞു.