ശബ്‌ദ റെക്കാർഡറുമായി ബിജുരമേശ് കോടതിയിൽ നേരിടാൻ ചെന്നിത്തല

Wednesday 02 December 2020 12:06 AM IST

തിരുവനന്തപുരം: ആദ്യ ബാർകോഴക്കേസ് കെ.എം.മാണിയുടെ മരണത്തോടെ കഥാവശേഷമായെങ്കിലും ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ ഉയിർത്തെഴുന്നേറ്റ രണ്ടാം ബാർകോഴക്കേസ് നേതാക്കൾക്ക് വെല്ലുവിളിയാകും. കോഴ ഇടപാടിന് ദൃക്‌സാക്ഷിയുണ്ടെന്നും ബാറുടമകൾ കോഴ ഇടപാടുകൾ വെളിപ്പെടുത്തിയ സംഭാഷണം റെക്കാർഡ് ചെയ്ത ഇലക്ട്രോണിക് ഉപകരണം ഹാജരാക്കാമെന്നുമുള്ള ബിജുരമേശിന്റെ നിലപാടാണ് കേസിനെ കടുപ്പിക്കുന്നത്.

അതേസമയം, ഹൈക്കോടതി ഉത്തരവുപ്രകാരം ആദ്യ ബാർകോഴക്കേസിൽ ബിജുരമേശിന്റെ രഹസ്യമൊഴിയിലെ അന്തിമ റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചിട്ടില്ലാത്തതിനാൽ അടുത്ത അന്വേഷണം നിലനിൽക്കുമോയെന്ന് നിയമവിദഗ്ദ്ധർക്ക് സംശയമുണ്ട്. ചെന്നിത്തല കോടതിയെ സമീപിക്കുന്നത് നിയമയുദ്ധത്തിന് വഴിതുറക്കും.

മാണിക്കെതിരായ കേസിൽ ബിജുരമേശ് ഹാജരാക്കിയ, രമേശ് ചെന്നിത്തലയ്‌ക്ക് ഒരു കോടി കോഴ നൽകിയെന്നതടക്കം വെളിപ്പെടുത്തലുള്ള സി.ഡി എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തിയതോടെ തെളിവായി പരിഗണിച്ചിരുന്നില്ല. എന്നാൽ കോഴ ഇടപാടിന്റെ പ്രസക്ത സംഭാഷണങ്ങൾ എഡിറ്റ് ചെയ്ത് രേഖപ്പെടുത്തിയ സി.ഡിയാണിതെന്നും റെക്കാർഡ് ചെയ്ത യഥാർത്ഥ ഉപകരണം ഹാജരാക്കാമെന്നും ബിജുരമേശ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് തെളിവായെടുത്താൽ കോഴ ഇടപാടുകൾ ആഴത്തിൽ അന്വേഷിക്കേണ്ടി വരും.

മാത്രമല്ല മുൻമന്ത്രി പ്രൈവറ്റ് സെക്രട്ടറിക്ക് കോഴപ്പണം കൈമാറിയതിന് മുഹമ്മദ് റഫീഖ് എന്ന ദൃക്‌സാക്ഷിയുണ്ടെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലും ഗൗരവമുള്ളതാണ്. ആദ്യ ബാർകോഴക്കേസിലെ 15 സാക്ഷിമൊഴികളും ഡിജിറ്റൽ തെളിവുകളും ഈ കേസിലും പ്രസക്തമാവും. ബാബുവിനെതിരായ കേസ് അന്വേഷിച്ച എസ്.പി.നിശാന്തിനി തെളിവുകൾ അട്ടിമറിച്ചതായും കോഴവാങ്ങിയ മറ്റു നേതാക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടും നിശാന്തിനിയുടെ സംഘം രേഖപ്പെടുത്തിയില്ലെന്നും ബിജുരമേശ് ആക്ഷേപമുന്നയിച്ചിട്ടുമുണ്ട്.

 രണ്ടാം ബാർകോഴക്കേസ്

യു.ഡി.എഫ് സർക്കാരിൽ മന്ത്രിയായിരുന്ന കെ.ബാബുവിന്റെ നിർദ്ദേശമനുസരിച്ച് ബാറുടമകളിൽ നിന്ന് പത്തുകോടി രൂപ പിരിച്ചെന്നും 50ലക്ഷം രൂപ ബാബുവിന്റെ ഓഫീസിലും ഒരു കോടി രൂപ ചെന്നിത്തലയുടെ കെ.പി.സി.സിയിലെ ഓഫീസിലും എത്തിച്ചെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലാണ് രണ്ടാം ബാർകോഴക്കേസിന് ആധാരം. 25ലക്ഷം രൂപ വി.എസ്. ശിവകുമാറിന്റെ വീട്ടിലെത്തിച്ചെന്നും കെ.ബാബുവിന്റെ നിർദ്ദേശപ്രകാരം പലർക്കും പണം നൽകിയെന്നും ബിജു വെളിപ്പെടുത്തി. മാണിക്കെതിരായ കേസിൽനിന്ന് പിന്മാറാൻ ജോസ്.കെ.മാണി തനിക്ക് പത്തുകോടി വാഗ്ദാനം ചെയ്തെന്ന ബിജുവിന്റെ വെളിപ്പെടുത്തലിൽ കേസും അന്വേഷണവുമില്ല. അഭിഭാഷകനായ എ.എച്ച് ഹാഫിസിന്റെ പരാതിയിൽ രഹസ്യപരിശോധന നടത്തിയ വിജിലൻസ്, ബിജുരമേശിന്റെ വെളിപ്പെടുത്തലുകളിൽ കഴമ്പുണ്ടെന്ന് കണ്ടാണ് വിശദമായ അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയത്.

വിജിലൻസ് അന്വേഷണം ഇങ്ങനെ

 ബിജുരമേശിന്റെ മൊഴിയെടുക്കുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്തശേഷം എഫ്.ഐ.ആർ ആവശ്യമാണോയെന്ന് വിജിലൻസ് സർക്കാരിനെ അറിയിക്കും.

 പ്രതിപക്ഷനേതാവ് അക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തണം.

 എസ്.പി.നിശാന്തിനിയുടെ സംഘം തെളിവുകൾ അട്ടിമറിച്ചോയെന്ന് അന്വേഷിക്കും.