അയോഗ്യനാക്കപ്പെട്ട എം.എൽ.എയെ മന്ത്രിയാക്കാനുള്ള ശ്രമം കർണാടക ഹൈക്കോടതി തടഞ്ഞു
ബംഗളൂരു: കർണാടകയിലെ ബി.എസ്. യെദിയൂരപ്പ മന്ത്രിസഭയിൽ അംഗമാകുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പി എം.എൽ.സി എ.എച്ച്. വിശ്വനാഥിന് കനത്ത തിരിച്ചടി. കൂറുമാറ്റ നിരോധന നിയമപ്രകാരം 2019ൽ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട വിശ്വനാഥ് മന്ത്രിയാകാൻ യോഗ്യനല്ലെന്ന് കർണാടക ഹൈക്കോടതി അറിയിച്ചു.
2019ൽ ബി.ജെ.പിയിൽ ചേർന്ന 17കോൺഗ്രസ് - ജെ.ഡി.എസ് എം.എൽ.എമാരിൽ ഉൾപ്പെട്ടയാളാണ് 70കാരനായ വിശ്വനാഥും. കഴിഞ്ഞ ഡിസംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിശ്വനാഥ് പരാജയപ്പെട്ടു. തുടർന്നാണ് അദ്ദേഹത്തെ എം.എൽ.സിയാക്കിയത്. കോൺഗ്രസും ജെ.ഡി.എസും വിട്ടുവന്ന എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് യെദിയൂരപ്പ വിശ്വനാഥിനെ മന്ത്രിസഭയിലെത്തിക്കാൻ ശ്രമിച്ചത്.
ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വിശ്വനാഥിനെ കൂടാതെ എം.ടി.ബി. നാഗരാജ്, ആർ.ശങ്കർ എന്നിവരെയും എം.എൽ.സിമാരാക്കി മന്ത്രിസ്ഥാനം നൽകാനുള്ള ശ്രമമുണ്ടായിരുന്നു. ഇതിനെതിരെ കർണാടക ഹൈക്കോടതിയിൽ മൂന്ന് വ്യത്യസ്ത ഹർജികളാണ് ലഭിച്ചിട്ടുള്ളത്.