മുന്നണികൾക്കപ്പുറവും ഇപ്പുറവും...

Wednesday 02 December 2020 2:12 AM IST

തൃശൂർ: വിമതർ, അപരൻമാർ, സ്വതന്ത്രൻമാർ... പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ മുന്നണി സ്ഥാനാർത്ഥികൾക്കൊപ്പം അവരും കളം പിടിക്കാൻ തുടങ്ങിയിരിക്കുന്നു. വ്യക്തിപ്രഭാവം കൊണ്ടും പ്രചാരണത്തിലെ മിടുക്ക് കൊണ്ടും മുന്നണികളെ അട്ടിമറിക്കാൻ കെൽപ്പുളളവരുണ്ട് അക്കൂട്ടത്തിൽ.

ഒരേ പേരുള്ള ഒന്നിലധികം സ്ഥാനാർത്ഥികളുടെ പേര് കാണുമ്പോൾ, ചിലയിടങ്ങളിൽ കണക്കുകൂട്ടലുകൾ തെറ്റിയില്ലെങ്കിലേ അതിശയമുള്ളൂ. മുന്നണി സ്ഥാനാർത്ഥികളിൽ അടക്കം ഒരേപോലെയുളള പേരുള്ളവരുണ്ട്. കോർപറേഷനിലെ അയ്യന്തോൾ ഡിവിഷനിൽ യു.ഡി.എഫിന് എ. പ്രസാദും എൻ.ഡി.എ.യ്ക്ക് എൻ. പ്രസാദുമാണെങ്കിൽ, പെരിങ്ങാവ് ഡിവിഷനിൽ യു.ഡി.എഫിന് എൻ.എ. ഗോപകുമാറും എൽ.ഡി.എഫിന് വി.കെ. സുരേഷ് കുമാറുമാണ്. കിഴക്കുംപാട്ടുകര ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോൺ ഡാനിയലിന് ഒപ്പം ജോയ് ഡാനിയലും ജോണുമുണ്ട് മത്സരിക്കാൻ. വിയ്യൂരിൽ മുന്നണി സ്ഥാനാർത്ഥികൾക്ക് അപരനാമധാരികളുണ്ട്. തേക്കിൻകാട് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പൂർണിമയാണെങ്കിൽ എൻ.ഡി.എ സ്ഥാനാർത്ഥി പൂർണിമ സുരേഷാണ്. അതുകൊണ്ടു തന്നെ പ്രവചനാതീതമാണ് ചില ഡിവിഷനുകൾ. മുന്നണി നേതാക്കളും പ്രവർത്തകരും ഒന്നിച്ച് അണിനിരന്ന് പ്രചാരണരംഗം കൊഴുപ്പിച്ചാലും നിർണ്ണായകമാകുന്നത് ഇങ്ങനെ ചിലതുകൂടിയാകും. അതിനാൽ ഇതെല്ലാം മറികടക്കാൻ സൈബർ ഇടങ്ങളിലെ വോട്ടുചോദിക്കലും സ്ഥാനാർത്ഥിയുടെ പേരിൽ ഊന്നിക്കാെണ്ടുളള പ്രചാരണവുമാണ് പൊടിപാറുന്നത്.

  • പാർട്ടി ഭാരവാഹികളേറെ

സി.പി.എമ്മിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ മുതൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ വരെയുള്ളവരിൽ കൂടുതൽ പേർ മത്സരരംഗത്തുണ്ട്. ഇത് പ്രചാരണത്തിന് ഇടതുമുന്നണിക്ക് തുണയാകുമ്പോൾ തന്നെ, ഭാരവാഹികൾ കൂടുതൽ മത്സരിക്കുന്നതിനെ വിമർശിക്കുന്നവരുമുണ്ട്.

പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ഡേവീസ് ജില്ലാ പഞ്ചായത്തിലേക്കും പി.കെ. ഷാജൻ കോർപറേഷനിലേക്കും മത്സരിക്കുന്നുണ്ട്. ഏരിയാ സെക്രട്ടറിമാരായിരുന്ന നാട്ടികയിലെ പി.എം. അഹമ്മദ് ജില്ലാ പഞ്ചായത്തിലേക്കും വടക്കാഞ്ചേരിയിലെ പി.എൻ. സുരേന്ദ്രൻ വടക്കാഞ്ചേരി നഗരസഭയിലേക്കും ഗുരുവായൂർ ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് ഗുരുവായൂർ നഗരസഭയിലേക്കും മത്സരിക്കുന്നുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങളായ മഹിളാ അസോസിയേഷൻ നേതാക്കൾ കെ.ആർ. വിജയ ഇരിങ്ങാലക്കുട നഗരസഭയിലും കെ.വി. നഫീസ ബ്‌ളോക്ക് പഞ്ചായത്തിലും പി.എ. ബാബു പഴയന്നൂർ പഞ്ചായത്തിലും സ്ഥാനാർത്ഥികളാണ്. ജില്ലാ കമ്മിറ്റി അംഗമായ വർഗീസ് കണ്ടംകുളത്തിയും ഏരിയാ കമ്മിറ്റിയംഗം അനൂപ് ഡേവീസ് കാടയും മത്സര രംഗത്തുണ്ട്. മുപ്പതിലധികം ബ്രാഞ്ച് സെക്രട്ടറിമാരും കളത്തിലുണ്ട്.

  • വികസനവിളംബരവുമായി

എൽ.ഡി.എഫ് സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ മൂന്നിന് വൈകിട്ട് അഞ്ചിന് കോർപറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളിലെ പ്രധാനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വികസനവിളംബരം നടത്തി പ്രചാരണം ശക്തമാക്കുകയാണ് എൽ.ഡി.എഫ് മന്ത്രിമാരും നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.