വോട്ടിനിടെ കൊവിഡിനെ മറന്നാൽ നടപടി
Wednesday 02 December 2020 3:15 AM IST
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ വ്യക്തമാക്കി. ഭവന സന്ദർശനത്തിലടക്കം പ്രോട്ടോക്കോൾ ലംഘനം നടക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ഭവന സന്ദർശനത്തിൽ ഒരു സമയം സ്ഥാനാർത്ഥിക്കൊപ്പം പരമാവധി അഞ്ചു പേർ മാത്രമേ പാടുള്ളൂവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. എന്നാൽ ജില്ലയുടെ പല ഭാഗങ്ങളിലും ഇതു ലംഘിച്ച് കൂട്ടമായി ആളുകൾ എത്തുന്നതായി പരാതികൾ ലഭിച്ചു. അനധികൃതമായും നിയമം ലംഘിച്ചും സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ കളക്ടറുടെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ ഡ്രൈവിൽ 4,743 ബോർഡുകൾ നീക്കം ചെയ്തു. ഗ്രാമ പഞ്ചായത്തുകളിൽ 1,954 ബോർഡുകൾ, 874 കൊടികൾ, 103 തോരണങ്ങൾ എന്നിവ നീക്കം ചെയ്തു.