സിബിഐയിലെ 'സേതുരാമയ്യർ' നന്ദകുമാർ നായരുടെ സർവീസ് കാലാവധി കേന്ദ്രം നീട്ടി, ചരിത്രത്തിൽ അപൂർവമായ നടപടിയുടെ ലക്ഷ്യം പെരിയകേസ് പ്രതികളെ പൂട്ടാൻ
മുംബയ്: ചരിത്രത്തിൽ വളരെ അപൂർവമായി മാത്രം സംഭവിച്ചിട്ടുള്ള ഒരു മുഹൂർത്തത്തിനാണ് കഴിഞ്ഞദിവസം സിബിഐയുടെ മുംബയ് ഓഫീസ് സാക്ഷ്യം വഹിച്ചത്. തിങ്കളാഴ്ച വിരമിക്കാനിരുന്ന നന്ദകുമാർ നായർ എന്ന സിബിഐ ഓഫീസർക്ക് യാത്രയയപ്പ് യോഗവും ഒരുക്കുകയായിരുന്നു സഹപ്രവർത്തകർ. പെട്ടെന്നാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള നിർണായക ഉത്തരവ് നന്ദകുമാർ നായരെ തേടി എത്തിയത്. ആറുമാസത്തേക്ക് കൂടി സർവീസ് കാലാവധി നീട്ടിയിരിക്കുന്നു എന്നതായിരുന്നു ആ ഉത്തരവ്. സി.ബി.ഐ.യുടെ ചരിത്രത്തിൽ അപൂർവമായാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ സേവനകാലാവധി നീട്ടുന്നത്. അതിൽ നിന്നും മനസിലാക്കാം നന്ദകുമാറിന്റെ പ്രാധാന്യം.
പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ് നന്ദകുമാർ നായർ. സൂപ്രണ്ട് പദവിയിലുള്ള ഇദ്ദേഹം സിബിഐ മുംബയ്, തിരുവനന്തപുരം സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ മേധാവിയാണ്. സിസ്റ്റർ അഭയ കൊലക്കേസ് അന്വേഷണത്തിലൂടെ മലയാളികൾക്ക് പരിചിതനായ നന്ദകുമാർ രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ അടക്കം നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് . വിചാരണ നടക്കുന്ന അഭയക്കേസിൽ പ്രതികളെ അറസ്റ്റുചെയ്‌തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
കൂടാതെ, പൂനെയിലെ യുക്തിവാദി നേതാവ് നരേന്ദ്ര ധബോൽക്കർ വെടിയേറ്റുമരിച്ച കേസ്, ഇസ്രത്ത് ജഹാൻ ഏറ്റുമുട്ടൽ കേസിൽ വിചാരണസംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് നേതൃത്വം നൽകുന്നതും നന്ദകുമാർ നായരാണ്. കേരളത്തിലെ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ നിർണായക സ്വാധീനമായ പെരിയ ഇരട്ടകൊലപാതക കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് നന്ദകുമാർ.
കാസർകോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം സുപ്രീം കോടതി കഴിഞ്ഞദിവസം ശരിവച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.