എയിഡ്‌സ് രോഗിയായ അമ്മയെ പരിചരിക്കുന്ന മകൾ, എച്ച്ഐവിയാണെന്ന് മക്കൾക്ക് അറിയില്ലെന്ന് ദമ്പതികൾ; എന്നാൽ ഡോക്ടറെ അമ്പരപ്പിച്ച മറുപടി നൽകി പെൺകുട്ടി
Wednesday 02 December 2020 12:46 PM IST
ഇന്നലെ എയിഡ്‌സ് ദിനമായിരുന്നു. കാലം ഒരുപാട് മാറിയെങ്കിലും രോഗം പകരുമോ എന്ന പേടികൊണ്ട് ഇന്നും എയിഡ്‌സ് രോഗികളെ മാറ്റിനിർത്തുന്നവരുണ്ട്. അങ്ങനെയുള്ളവർ കണ്ട് പഠിക്കേണ്ട ഒരു പതിനെട്ടുകാരിയെപ്പറ്റി ഡോക്ടറായ മനോജ് വെള്ളനാട് എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പെൺകുട്ടിയുടെ മാതാപിതാക്കൾ എച്ച്‌ഐവി പോസിറ്റീവാണ്. ഈ വിവരം മക്കളോട് ഇരുവരും പറഞ്ഞിട്ടുമില്ല.എന്നിട്ടും എല്ലാം മനസിലാക്കി അവരെ ചേർത്തുപിടിച്ച മക്കളക്കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഡോക്ടർ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മെഡിക്കൽ കോളേജിൽ, വയറിനുള്ളിൽ വലിയൊരു ഓപറേഷൻ കഴിഞ്ഞ് കിടക്കുന്ന ആ അമ്മയെ പതിനെട്ടുകാരിയായ മകൾ പരിചരിക്കുകയാണ്. അമ്മയും അച്ഛനും HIV പോസിറ്റീവാണെന്നും 4 വർഷമായി മരുന്നുകഴിക്കുന്നുണ്ടെങ്കിലും ഈ വിവരം മക്കൾക്കറിയില്ലായെന്നുമാണ് മാതാപിതാക്കൾ പറഞ്ഞ പ്രകാരം എന്റെ അറിവ്.
ഈ രോഗവിവരമറിയാതെ, ശസ്ത്രക്രിയ കഴിഞ്ഞ് ശരീരസ്രവങ്ങൾ പുറത്തേയ്ക്ക് പോകാൻ മൂന്നോളം കുഴലുകളുമായി കിടക്കുന്ന അമ്മയെ പരിചരിക്കുന്ന ആ കുട്ടിയ്ക്ക്, അശ്രദ്ധമൂലം HIV പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാലാ മാതാപിതാക്കൾ മക്കളറിയാതെ മറച്ചുവച്ചേക്കുന്ന രഹസ്യം ഞാനായിട്ടു പറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകളെയോർത്ത് ഒന്നും പറയാനും വയ്യാ.
എന്നാലും ഒരവസരം വന്നപ്പോൾ ആ കുട്ടിയെ മാറ്റി നിർത്തി ചോദിച്ചു,
"അമ്മയുടെ അസുഖത്തെ പറ്റിയൊക്കെ അറിയാമോ?"
''അറിയാം ഡോക്ടർ" അവൾ പറഞ്ഞു.
"എന്തറിയാം?"
"ക്യാൻസറാണ്. ചികിത്സിക്കാവുന്ന സ്റ്റേജൊക്കെ കഴിഞ്ഞു എന്ന് ഓപറേഷന് മുന്നേ തന്നെ ഡോക്ടർ പറഞ്ഞായിരുന്നല്ലോ"
"മറ്റെന്തറിയാം?" ഞാൻ പിന്നെയും ചോദിച്ചു
അൽപനേരം മിണ്ടാതെ നിന്നിട്ടവൾ പറഞ്ഞു,
''അതുമറിയാം ഡോക്ടർ.''
പിന്നെയും മൗനം.
''എനിക്കുമറിയാം ചേച്ചിക്കുമറിയാം. പക്ഷെ, ഞങ്ങൾക്കതറിയാമെന്ന് അവർക്കറിയില്ലാ. അവരതറിഞ്ഞാ പിന്നെങ്ങനെ ഫേസ് ചെയ്യുമെന്ന് പറയാൻ പറ്റില്ലാ. അവരു വളരെ ഡെലിക്കേറ്റാണ്.."
കാര്യം ശരിയാണ്. മക്കൾക്കൊന്നുമറിയില്ലാന്നുള്ള ഒരു ആത്മവിശ്വാസം ആ മാതാപിതാക്കൾക്കുണ്ടായിരുന്നു. എന്നാലും ഞാനെന്റെ ആശങ്ക മറച്ചു വച്ചില്ലാ.
"ഈ അവസ്ഥയിൽ അമ്മയെ ശുശ്രൂഷിക്കുമ്പോൾ സൂക്ഷിക്കണം. മുറിവിലൂടെയും മറ്റും .."
"ഞാനും ചേച്ചിയും HIV യെ പറ്റി ഒരുപാട് വായിച്ചിട്ടുണ്ട് ഡോക്ടർ. ഞങ്ങൾക്കറിയാം കുറേയൊക്കെ, പകരുന്ന രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. ആ കെയർ ഞങ്ങൾ ചെയ്യുന്നുണ്ട്"
ഞാൻ അത്ഭുതത്തോടെ ആ പതിനെട്ടുകാരിയെ കേട്ടുകൊണ്ടിരുന്നു.
''ഈ അസുഖമുണ്ടെന്നറിഞ്ഞിട്ടും അവർ രണ്ടും ഇപ്പോഴും ജീവിക്കുന്നത് ഞങ്ങൾക്കു വേണ്ടിയാണ് ഡോക്ടർ. ജീവിക്കുന്നിടത്തോളം രണ്ടുപേരേം രോഗമുണ്ടെന്ന തോന്നൽ പോലുമില്ലാതെ ഞങ്ങൾ സപ്പോർട്ട് ചെയ്യും.."
എന്തൊരാത്മവിശ്വാസമായിരുന്നു അതു പറഞ്ഞപ്പോഴവൾക്ക്! മനസുകൊണ്ട് ആ കൊച്ചുപെൺകുട്ടിയ്ക്ക് ഞാനൊരു സല്യൂട്ട് വച്ചുകൊടുത്തു. HIV/AIDS രോഗിയെന്നാൽ മാറ്റി നിർത്തേണ്ട ആളല്ലെന്നും ശരിയായ ചികിത്സയും പ്രതിരോധവും ഒപ്പം ആത്മവിശ്വാസവും പകർന്നു കൊടുക്കേണ്ടത് ഒപ്പമുള്ളവരുടെ കടമയാണെന്നും മനസിലാക്കുന്ന അവളുടെ ഈ തലമുറയ്ക്കായിരുന്നു ആ സല്യൂട്ട്.