90 ശതമാനത്തിലേറെ ഫലപ്രാപ്‌തിയുള്ള ഫൈസർ വാക്സിൻ ഇന്ത്യയിൽ ഉടനെത്തില്ല, കാരണം ഇതാണ്
ന്യൂഡൽഹി : അമേരിക്കൻ ഫാർമ കമ്പനിയായ ഫൈസറിന്റെ കൊവിഡ് 19 വാക്സിൻ ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാകില്ലെന്ന് റിപ്പോർട്ട്. ഫൈസർ വാക്സിന്റെ ഉപയോഗത്തിന് യു.കെ ഇന്ന് അനുമതി നൽകിയിരുന്നു. യു.കെയിൽ അടുത്താഴ്ചയോടെ പൊതുജനങ്ങളിൽ വാക്സിൻ ഉപയോഗിച്ച് തുടങ്ങും. എന്നാൽ ഇന്ത്യയിൽ വാക്സിൻ വിതരണം നടത്തണമെങ്കിൽ ആദ്യം ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്തേണ്ടതുണ്ട്. എന്നാൽ ഫൈസറോ ഫൈസറിന്റെ പങ്കാളിത്ത കമ്പനികളോ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.
ഇനി ഇന്ത്യയിലെ ഏതെങ്കിലും കമ്പനികളുമായി സഹകരിച്ച് ട്രയൽ നടത്താനായി ഫൈസർ മുന്നോട്ട് വന്നാൽ തന്നെ 90 ശതമാനത്തിലേറെ ഫലപ്രാപ്തിയുള്ള ഈ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകാൻ സമയമെടുക്കും. ഓഗസ്റ്റിൽ ഫൈസറുമായി ഇന്ത്യ ചർച്ച നടത്തിയിരുന്നെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട പുരോഗതിയെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന ഓക്സ്ഫഡ് - ആസ്ട്രാസെനക വാക്സിൻ ഉൾപ്പെടെയുള്ള അഞ്ച് വാക്സിനുകളിലാണ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി അവസാനത്തോടെ ആസ്ട്രാസെനക വാക്സിന്റെ 100 ദശലക്ഷം ഡോസുകൾ പുറത്തിറക്കാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്. വരുന്ന ആഴ്ചകളിൽ തന്നെ വാക്സിന്റെ ഇന്ത്യയിലെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനെവാല പറഞ്ഞിരുന്നു. സാധാരണ റഫ്രിജറേറ്റർ താപനിലയിൽ സൂക്ഷിക്കാമെന്നതാണ് ആസ്ട്രാസെനക വാക്സിന്റെ പ്രത്യേകത. അമേരിക്കൻ കമ്പനിയായ മൊഡേണയുടെ വാക്സിനും ഇന്ത്യയിൽ ക്ലിനിക്കൽ ട്രയലിന് അനുമതി തേടിയിട്ടില്ല. 94.1 ശതമാനം ഫലപ്രദമാണ് മൊഡേണയുടെ വാക്സിൻ.