ഈ കരണം മറിയൽ സാരിയുടുത്താണേ..
ന്യൂഡൽഹി: കരണം മറിയുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. അപ്പോഴാണ് സാരിയുടുത്ത് കരണം മറിയുന്നത്. അതു വല്ല ജിംനാസ്റ്റിക് തറയിലോ യോഗാ മാറ്റിലോ അല്ല നല്ല മണലിൽ. ആകാശ് റാണിസൻ എന്ന ബ്ളോഗർ പങ്കുവച്ച വീഡിയോയിലാണ് അഞ്ചരമീറ്റർ സാരിയുടുത്ത് കരണം മറിയുന്ന സ്ത്രീ അത്ഭുതമാകുന്നത്. മിലി സർക്കാർ എന്ന യുവതി ആറു തവണയാണ് ഒരു ചുവടുപോലും പിഴയ്ക്കാതെ കരണം മറിയുന്നത്. പുരുഷന്മാർ ചെയ്യുന്നതെല്ലാം അവരെക്കാൾ നന്നായി സ്ത്രീകൾക്കും ചെയ്യാൻ കഴിയും. പുരുഷന്മാർക്ക് കഴിയാത്ത പലതിലും സ്ത്രീകൾ വിജയിക്കാസുമുണ്ട്. മിലി സർക്കാർ എന്ന യുവതിയെ പരിചയപ്പെടൂ സാരിയിലാണ് അവർ കരണം മറിയുന്നത്. കഴിവുകളുടെ നിറകുടമാണവർ എന്നാണ് ആകാശ് തന്റെ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. അറിയപ്പെടുന്ന ട്രാവലറും ബ്ളോഗറും എഴുത്തുകാരനുമാണ് ആകാശ്. സ്ത്രീ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ആകാശ് അത്തരം വീഡിയോകൾ കൂടുതലായി തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്യാറുണ്ട്.